നെയ്‌മർ പാസ് നൽകുന്നില്ല, മത്സരത്തിനിടെ സഹതാരത്തോട് പരാതിപ്പെട്ട് എംബാപ്പെ

Sreejith N
Paris Saint Germain v Olympique Lyonnais - Ligue 1 Uber Eats
Paris Saint Germain v Olympique Lyonnais - Ligue 1 Uber Eats / BSR Agency/Getty Images
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിച്ചതോടെ ഏവരുടെയും ശ്രദ്ധ പതിഞ്ഞ ടീമാണ് പിഎസ്‌ജി. നെയ്‌മർ, എംബാപ്പെ എന്നീ സൂപ്പർതാരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന ക്ലബ് ലയണൽ മെസിയെക്കൂടി സ്വന്തമാക്കി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിരയെ അണിനിരത്തുന്നതോടെ ഈ സീസണിൽ സാധ്യമായ എല്ലാ കിരീടങ്ങളും അവർക്കു സ്വന്തമാക്കാൻ കഴിയുമെന്നാണ് ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും പ്രതീക്ഷിച്ചത്.

അതേസമയം നിരവധി സൂപ്പർതാരങ്ങൾ ഒരു ടീമിലുണ്ടായാൽ അവരുടെ ഈഗോയെ കൈകാര്യം ചെയ്യുക പ്രയാസമാണെന്ന മുന്നറിയിപ്പ് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോക്ക് ചിലർ നൽകിയിരുന്നു. അവർ മുന്നറിയിപ്പു നൽകിയതു പോലെയുള്ള ഈഗോ പ്രശ്‌നങ്ങൾ ടീമിൽ മുള പൊട്ടിയെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

മത്സരത്തിൽ ഇഡ്രിസ ഗുയെയ, ജൂലിയൻ ഡ്രാക്‌സ്‌ലർ എന്നിവർ നേടിയ ഗോളുകളുടെ പിൻബലത്തിൽ പിഎസ്‌ജി വിജയം നേടിയെങ്കിലും കളിക്കിടയിൽ നെയ്‌മർ തന്നോടു പുലർത്തിയ മനോഭാവത്തിൽ സൂപ്പർതാരം എംബാപ്പെ സംതൃപ്തനല്ലെന്നാണ് മത്സരത്തിനു ശേഷം സോഷ്യൽ മീഡിയയിലൂടെ വൈറലായ വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

മത്സരത്തിൽ ഡ്രാക്‌സ്‌ലർ നേടിയ രണ്ടാമത്തെ ഗോളിന് അസിസ്റ്റ് ചെയ്‌തത്‌ നെയ്‌മറായിരുന്നു. ആ ഗോൾ പിറന്ന സമയത്ത് ബെഞ്ചിലായിരുന്ന എംബാപ്പെ അടുത്തിരുന്ന സഹതാരമായ ഇഡ്രിസ ഗുയെയയോട് അതെ പൊസിഷനിലാണെങ്കിൽ നെയ്‌മർ തനിക്ക് പാസ് ചെയ്യുമായിരുന്നില്ല എന്നാണു പറഞ്ഞത്. ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസാണ് എംബാപ്പെ പരാതിപ്പെടുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടത്.

മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്‌മ പ്രകടമായ മത്സരത്തിൽ പിഎസ്‌ജി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും പരസ്‌പരം പാസ് ചെയ്യാനുള്ള വിമുഖത കൊണ്ട് അവയിൽ പലതും നഷ്‌ടമായിരുന്നു. ടീമിലെ താരങ്ങൾ തമ്മിൽ ഈഗോ പ്രശ്‌നങ്ങൾ രൂക്ഷമാവുന്ന സാഹചര്യമുണ്ടായാൽ അത് പരിശീലകൻ പോച്ചട്ടിനോക്കും ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്‌നം കാണുന്ന പിഎസ്‌ജിക്കും തിരിച്ചടിയാണ്.

facebooktwitterreddit