Football in Malayalam

പിഎസ്‌ജിക്കു ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ താൻ അമ്പതു ഗോളുകൾ നേടിയിട്ടും കാര്യമില്ലെന്ന് എംബാപ്പെ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Eurasia Sport Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് കിരീടം നേടുക തന്നെയാണ് പിഎസ്‌ജിയുടെ ലക്ഷ്യമെന്നു വ്യക്തമാക്കി ടീമിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ. പിഎസ്‌ജിക്ക് ചാമ്പ്യൻസ് ലീഗ് നേടാനാവുന്നില്ലെങ്കിൽ താനൊറ്റക്ക് അമ്പതു ഗോളുകൾ നേടിയിട്ടും കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം പിഎസ്‌ജിയുടെ ടെലിവിഷൻ സ്റ്റേഷനോട് സംസാരിക്കുമ്പോൾ എംബാപ്പെ പറഞ്ഞത്.

"കഴിഞ്ഞ വർഷം എനിക്കു വളരെ മികച്ചതായിരുന്നു. നാൽപതു ഗോളുകളോളം നേടാൻ എനിക്കു കഴിഞ്ഞു. എന്നാൽ ലീഗോ ചാമ്പ്യൻസ് ലീഗോ നേടാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവസാനം ഞാൻ അത്ഭുതപ്പെട്ടു. കിരീടവിജയങ്ങൾ നേടാൻ കഴിഞ്ഞില്ല എങ്കിൽ എന്താണ് അമ്പതു ഗോൾ നേടിയിട്ടു പ്രയോജനം? കുറച്ചു ഗോളുകൾ നേടിയാലും ലീഗും ചാമ്പ്യൻസ് ലീഗും വിജയിക്കാനാണ് ഞാൻ പരിഗണന നൽകുന്നത്."

"അതൊരു മികച്ച സീസണായിരുന്നു എങ്കിലും നമുക്കത് ആസ്വദിക്കാൻ കഴിയില്ല, കിരീടങ്ങൾ വിജയിക്കുക എന്നതാണ് ലക്ഷ്യം. ഏറ്റവും പ്രധാനപ്പെട്ട കാര്യവും അതു തന്നെ." എംബാപ്പെ പറഞ്ഞു. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളെന്ന സമ്മർദ്ദം തനിക്ക് കൂടുതൽ കരുത്തു പകരുന്നതാണെന്നും താരം പറഞ്ഞു.

"എനിക്ക് സമ്മർദ്ദം നേരിടണം, വെല്ലുവിളികൾ തേടണം, എല്ലാ സമയത്തും എന്റെ ചുമലിൽ ഉത്തരവാദിത്വങ്ങൾ ഉണ്ടാകണം. ചിലപ്പോൾ നിരാശയിൽ അവസാനിക്കുമെങ്കിലും സമ്മർദ്ദം എനിക്ക് ആവശ്യമാണ്, അത് അറിവിലേക്കുള്ള വഴിയാണ്. ഞാനൊരിക്കലും ഒളിക്കുകയില്ല, ഊർജ്ജം വർധിപ്പിക്കാൻ അതും പങ്കു വഹിക്കുന്നുണ്ട്." എംബാപ്പെ പറഞ്ഞു.

ഈ സീസണിൽ പിഎസ്‌ജിയുടെ ടോപ് സ്കോററായ എംബാപ്പെ ഇതു വരെ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി പതിമൂന്നു ഗോളുകൾ നേടുകയും പന്ത്രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സീസണു ശേഷം താരം റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും അതേക്കുറിച്ച് വ്യക്തത വരുത്താൻ എംബാപ്പെ ഇതുവരെയും തയ്യാറായിട്ടില്ല.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit