ഭാവിയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ല, പിഎസ്‌ജിക്കൊപ്പം ഏറ്റവും മികച്ച പ്രകടനം നടത്തുകയാണു ലക്ഷ്യമെന്ന് എംബാപ്പെ

Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League
Paris Saint-Germain v Real Madrid: Round Of Sixteen Leg One - UEFA Champions League / Quality Sport Images/GettyImages
facebooktwitterreddit

ഈ സീസൺ അവസാനിച്ചാൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്ന കാര്യത്തിൽ താൻ ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്ന് പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെ. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവസാനനിമിഷം നേടിയ ഗോളിൽ പിഎസ്‌ജിക്ക് അർഹിച്ച വിജയം നേടിക്കൊടുത്ത താരം അതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മത്സരത്തെപ്പറ്റിയും തന്റെ ഭാവിയെക്കുറിച്ചുമെല്ലാം സംസാരിച്ചത്.

"വലിയ മത്സരങ്ങൾക്ക് ഇന്നത്തേതു പോലെ തന്നെ ഞങ്ങൾ തയ്യാറെടുക്കണം. എല്ലാവരും ഇതുപോലെയുള്ള രാത്രികളാണ് സ്വപ്‌നം കാണുന്നത്. ഞങ്ങളിൽ എല്ലാവർക്കും വിജയം വേണമായിരുന്നു, ആരാധകരതിനെ പിന്തുണക്കുകയും ചെയ്‌തു. ഒരു പാദം കൂടി ബാക്കി നിൽക്കുന്നുണ്ട്, ആദ്യം ഞങ്ങൾ ലീഗ് മത്സരങ്ങളെക്കുറിച്ച് ചിന്തിച്ച് പിന്നീട് മാർച്ച് 9ലെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിലേക്ക് വരും."

"ഞാൻ എനിക്കു സാധ്യമായതെല്ലാം കളിക്കളത്തിൽ നൽകുമെന്ന് പറഞ്ഞതിനാൽ അതതു പോലെ തന്നെ തെളിയിക്കേണ്ടതുണ്ട്. ആദ്യത്ത മത്സരത്തിൽ എനിക്കത് ചെയ്യാൻ സാധിച്ചു, ഇനി റയലിന്റെ മൈതാനമായ ബെർണാബുവിലും തെളിയിക്കണം. ഈ റിസൾട്ടുമായി ലാഘവത്വത്തോടെ അങ്ങോട്ടു പോകുന്നത് പിഎസ്‌ജി പോലൊരു ക്ലബിനു യോജിച്ചതല്ല."

"ഞങ്ങൾക്ക് മത്സരം വിശകലനം ചെയ്യേണ്ടതുണ്ട്, അതിനു മറ്റൊരു പശ്ചാത്തലം ആയിരിക്കും. ഞാൻ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല. ഞാനിപ്പോൾ കളിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലാണ്, ഞാൻ ഈ സീസൺ മുഴുവൻ എന്റെ നൂറു ശതമാനം മികച്ച പ്രകടനം ക്ലബിനായി നടത്താൻ ശ്രമിക്കും. അതിനു ശേഷം എന്താണ് സംഭവിക്കുകയെന്നു നമുക്ക് നോക്കാം." എംബാപ്പെ മത്സരത്തിനു ശേഷം മൂവീസ്‌റ്റാറിനോട് പറഞ്ഞു.

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന എംബാപ്പെ റയൽ മാഡ്രിഡുമായി പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നപ്പോൾ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന്റെ പ്രകടനം എങ്ങിനെയാകുമെന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. എന്നാൽ തന്റെ കഴിവിന്റെ പരമാവധി കളിക്കളത്തിൽ കാഴ്‌ച വെച്ച താരം നിർണായകമായ ഗോൾ നേടി ആ സംശയങ്ങളെ മുഴുവൻ ദൂരീകരിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.