എംബാപ്പെയുടെ മനസു മാറുന്നു, ഫ്രഞ്ച് താരം പിഎസ്ജിയുമായി കരാർ പുതുക്കിയേക്കും


പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വലിയ വഴിത്തിരിവിലേക്ക് പോകുന്നതായി സൂചനകൾ. കഴിഞ്ഞ ദിവസങ്ങളിൽ താരം പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്കു തന്നെ ചേക്കേറുമെന്ന വാർത്തകളാണ് ശക്തമായിരുന്നതെങ്കിലും താരത്തിന് മനംമാറ്റം വന്നുവെന്നും പിഎസ്ജിയുമായി പുതിയ കരാർ ഒപ്പിടുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇറ്റാലിയൻ ജേർണലിസ്റ്റായ ജിയാൻലൂക്ക ഡി മാർസിയോയാണ് എംബാപ്പെ പിഎസ്ജിയുമായി പുതിയ കരാർ ഒപ്പിടുമെന്ന വാർത്ത അൽപ്പസമയം മുൻപ് പുറത്തു വിട്ടത്. റയൽ മാഡ്രിഡുമായി താരം വാക്കാലുള്ള കരാർ ഒപ്പിട്ടിരുന്നുവെങ്കിലും അതിനു ശേഷം പിഎസ്ജിയുമായി നടത്തിയ ചർച്ചകൾ താരത്തിന്റെ മനസു മാറ്റിയെന്ന് അദ്ദേഹം പറയുന്നു.
Kylian Mbappe is now more likely to renew his contract and stay at PSG than he is to join Real Madrid, per @DiMarzio ? pic.twitter.com/hWJQLMR6Aa
— B/R Football (@brfootball) May 20, 2022
സാമ്പത്തികമായ ലാഭങ്ങൾ മാത്രമല്ല എംബാപ്പെ പുതിയ പിഎസ്ജി കരാർ ഒപ്പിടുന്നതിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. താരത്തിന്റെ കുടുംബമടക്കം നിരവധി പേർ ഇക്കാര്യത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൊണാക്കോയിൽ നിന്നും താരം പിഎസ്ജിയിലേക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങൾ തന്നെയാണ് ഇത്തവണയും സ്വാധീനശക്തിയായത്. അന്നും റയൽ മാഡ്രിഡിന്റെ ഓഫർ എംബാപ്പെ തഴഞ്ഞിരുന്നു.
അതേസമയം ഇക്കാര്യത്തിൽ ഒരു അവസാന തീരുമാനം എംബാപ്പെ കൈക്കൊണ്ടിട്ടില്ലെന്നും അടുത്ത മണിക്കൂറുകൾ വളരെ നിർണായകമാണെന്നും ജിയാൻലൂക്ക ഡി മർസിയോ പറയുന്നു. നിലവിൽ പിഎസ്ജിക്കാണ് മുൻതൂക്കമെന്നും 2017 മുതൽ കളിച്ച ക്ലബിൽ തന്നെ എംബാപ്പെ തുടരാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എംബാപ്പെ പിഎസ്ജിയുമായി പുതിയ കരാറൊപ്പിട്ടാൽ റയൽ മാഡ്രിഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് അതു നൽകുകയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. താരവുമായി വാക്കാൽ ധാരണയിൽ എത്തിയെങ്കിലും ഒരു കോൺട്രാക്റ്റും ഒപ്പു വെപ്പിക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.