Football in Malayalam

മെസിയെ സാക്ഷിയാക്കി മെസിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡ് തകർത്തെറിഞ്ഞ് എംബാപ്പെ

Sreejith N
Paris Saint-Germain v Club Brugge KV: Group A - UEFA Champions League
Paris Saint-Germain v Club Brugge KV: Group A - UEFA Champions League / Xavier Laine/GettyImages
facebooktwitterreddit

ലയണൽ മെസിയെ സാക്ഷി നിർത്തി മെസിയുടെ പേരിലുള്ള ചാമ്പ്യൻസ് ലീഗ് റെക്കോർഡ് തകർത്തെറിഞ്ഞ് കെയ്‌ലിയൻ എംബാപ്പെ. ഇന്നലെ ക്ലബ് ബ്രുഗെക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയ പിഎസ്‌ജിക്കു വേണ്ടി ഇരട്ടഗോളുകൾ നേടിയ താരം തന്റെ ആദ്യ ഗോളിലാണ് ചാമ്പ്യൻസ് ലീഗിൽ മുപ്പതു ഗോളുകൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയത്.

ക്ലബ് ബ്രുഗെക്കെതിരെ സ്വന്തം മൈതാനത്തു നടന്ന മത്സരം എഴുപതു സെക്കൻഡ് പിന്നിട്ടപ്പോൾ തന്നെ എംബാപ്പെ വല കുലുക്കിയിരുന്നു. ഇതോടെ 22 വയസും 352 ദിവസവും പ്രായമുള്ളപ്പോൾ മുപ്പതു ചാമ്പ്യൻസ് ലീഗ് ഗോളുകളെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. നേരത്തെ ഈ റെക്കോർഡിന്റെ ഉടമയായിരുന്ന ലയണൽ മെസി 23 വയസും 131 ദിവസവും പ്രായമുള്ളപ്പോൾ 2010ലാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.

2016നു ശേഷം ചാമ്പ്യൻസ് ലീഗിൽ പിഎസ്‌ജി നേടുന്ന ഏറ്റവും വേഗതയേറിയ ഗോൾ കൂടിയായിരുന്നു എംബാപ്പയുടേത്. 2016ൽ ആഴ്‌സണലിനെതിരെ വെറും 42 സെക്കൻഡുകൾ കൊണ്ട് കവാനി പിഎസ്‌ജിക്കു വേണ്ടി ഗോൾ നേടിയിട്ടുണ്ട്. എഴുപതാം സെക്കന്ഡിൽ നേടിയ ഗോളിനു പുറമെ മത്സരം ആറു മിനുട്ടും ഇരുപത്തിമൂന്നു സെക്കൻഡും പിന്നിട്ടപ്പോഴും എംബാപ്പെ ഗോൾ കണ്ടെത്തിയിരുന്നു.

ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു കളിക്കാരന്റെ ഏറ്റവും വേഗത്തിലുള്ള ഇരട്ടഗോൾ പ്രകടനങ്ങളിൽ ഒന്നു കൂടിയായിരുന്നു എംബാപ്പയുടേത്. 2019 നവംബറിൽ ഗാലത്സാരക്കെതിരെ റയൽ മാഡ്രിഡ് താരമായ റോഡ്രിഗോ ആറു മിനുട്ടും പതിമൂന്നു സെക്കണ്ടും കൊണ്ട് ഇരട്ടഗോളുകൾ നേടിയതു മാത്രമാണ് എംബാപ്പക്കു മുന്നിലുള്ള റെക്കോർഡ്.

ഇരട്ടഗോളുകളോടെ ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും പിഎസ്‌ജിക്കു വേണ്ടി 11 ഗോളും 14 അസിസ്റ്റുമാണ് എംബാപ്പെ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ ടീമിലെ മറ്റൊരു സൂപ്പർതാരമായ ലയണൽ മെസിയും ഇരട്ടഗോളുകൾ നേടിയിരുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit