ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാമ്പിൽ വെച്ച് സൗഹൃദം പങ്കു വെച്ച് ബെൻസിമയും എംബാപ്പയും

Benzema Mbappe Greet Each Other On France Camp
Benzema Mbappe Greet Each Other On France Camp / FRANCK FIFE/GettyImages
facebooktwitterreddit

എംബാപ്പെ റയൽ മാഡ്രിഡിന്റെ ഓഫർ തഴഞ്ഞ് പുതിയ പിഎസ്‌ജി കരാർ ഒപ്പുവെച്ചത് കരിം ബെൻസിമയുമായുള്ള സൗഹൃദത്തെ ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാമ്പിൽ ഇരുവരും കണ്ടുമുട്ടി സൗഹൃദം പങ്കു വെച്ചു. യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ഫ്രാൻസ് ക്യാമ്പിൽ ഇന്നലെയാണ് ബെൻസിമ എത്തിയത്.

ഈ സീസണോടെ പിഎസ്‌ജി കരാർ പൂർത്തിയായി റയൽ മാഡ്രിഡിലേക്ക് ഫ്രീ ഏജന്റായി എംബാപ്പെ ചേക്കേറുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷത്തിൽ അതിൽ നിന്നും പുറകോട്ടു പോയ താരം പിഎസ്‌ജി കരാർ ഒപ്പിടുകയായിരുന്നു. റയൽ മാഡ്രിഡിനെ സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്ന തീരുമാനമായിരുന്നു അത്.

എംബാപ്പെ പിഎസ്‌ജി കരാർ ഒപ്പുവെച്ചതിനു പിന്നാലെ ബെൻസിമ അമേരിക്കൻ റാപ്പർ തുപാക് അയാളെ ചതിച്ചുവെന്ന് കരുതപ്പെടുന്ന സുഹൃത്തിന്റെ കൂടെ നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എംബാപ്പയുടെ ചതി സൂചിപ്പിക്കാനാണ് ആ പോസ്റ്റെന്ന രീതിയിൽ പലരും ചർച്ച ചെയ്‌തെങ്കിലും അതിനെ ബെൻസിമ പൂർണമായും നിഷേധിക്കുകയാണ് ഉണ്ടായത്.

ഇന്നലെ രണ്ടു താരങ്ങളും പരസ്‌പരം കണ്ടു മുട്ടിയ രംഗങ്ങളിലും അവർ തമ്മിലുള്ള സൗഹൃദത്തിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ഫ്രഞ്ച് ഫുട്ബോൾ ടീം തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ പരസ്‌പരം ചിരിച്ചു കൊണ്ട് കൈകൊടുക്കുകയും കുശലം പറയുകയും ചെയ്യുന്ന എംബാപ്പയെയും ബെൻസിമയെയും തന്നെയാണ് കാണാൻ കഴിഞ്ഞത്.

റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതിന്റെ ആഹ്ലാദത്തിലാണ് ബെൻസിമ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം ചേർന്നത്. ഈ സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയ താരത്തെ ദേശീയ ടീമിലെ സഹതാരങ്ങൾ അഭിനന്ദിക്കുകയും ചെയ്‌തു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.