പൊസിഷനിൽ മാറ്റം വരുത്തിയാൽ മെസി പിഎസ്‌ജിക്കൊപ്പം കൂടുതൽ മികച്ച പ്രകടനം നടത്തുമെന്ന് എംബാപ്പെ
By Sreejith N

മുന്നേറ്റനിരയുടെ മധ്യത്തിൽ ലയണൽ മെസിയെ കളിപ്പിക്കുന്നത് താരത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനം ലഭിക്കാൻ സഹായിക്കുമെന്ന അഭിപ്രായവുമായി സഹതാരം കിലിയൻ എംബാപ്പെ. ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജി മുന്നേറ്റനിരയിൽ ഡി മരിയക്കും എംബാപ്പക്കും മധ്യത്തിൽ ഇറങ്ങിയ ലയണൽ മെസി മികച്ച പ്രകടനം ടീമിനു വേണ്ടി കാഴ്‌ച വെച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു ഫ്രഞ്ച് താരം.
4-3-3 പൊസിഷനിൽ ലില്ലെക്കെതിരെ കളിച്ച പിഎസ്‌ജിയിൽ സെൻട്രൽ സ്‌ട്രൈക്കർ പൊസിഷനിലാണ് മെസി ഇറങ്ങിയത്. ഇതു മൈതാനത്തു താരത്തിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാനും മത്സരത്തിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിക്കാനും സഹായിച്ചുവെന്നതിൽ സംശയമില്ല. ഒരു ഗോളും ഒരു അസിസ്റ്റും ഇന്നലെ സ്വന്തമാക്കിയ മെസി ടീമിന്റെ മുന്നേറ്റങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയതിനെ തുടർന്നാണ് എംബാപ്പെ തന്റെ നിർദ്ദേശം മുന്നോട്ടു വെച്ചത്.
"മെസി മധ്യത്തിൽ കളിക്കുന്നത് ഗുണം ചെയ്യുമോയെന്നോ? ചെയ്യും, പക്ഷെ ഞാനല്ല പരിശീലകൻ. പന്ത് കൂടുതൽ ആവശ്യപ്പെടുന്ന, മത്സരത്തെ പൂർണമായും അനുഭവിക്കുന്ന, മത്സരത്തിൽ മുഴുകുന്ന കളിക്കാരനാണ്. അതു താരത്തിന് മികച്ചൊരു പൊസിഷൻ ആയിരിക്കും എന്നു ഞാൻ കരുതുന്നു, താരം വളരെ സ്വതന്ത്രനാണ്, എല്ലായിടത്തേക്കും സഞ്ചരിക്കാനും കഴിയുന്നുണ്ട്." എംബാപ്പെ ആമസോൺ പ്രൈമിനോട് പറഞ്ഞു.
തനിക്ക് മുന്നേറ്റനിരയിലെ എല്ലാ പൊസിഷനിലും കളിക്കാൻ കഴിയുമെന്നും കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാൻ കഴിയുന്നുണ്ടെന്നും വ്യക്തമാക്കിയ എംബാപ്പെ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്ന നെയ്‌മർക്ക് ഇടം ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തമാക്കി. ടീമിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാക്കുന്ന താരമാണ് നെയ്‌മറെന്നും പെട്ടന്നു തന്നെ അദ്ദേഹം തിരിച്ചു വരുമെന്നു പ്രതീക്ഷിക്കുന്നതായും എംബാപ്പെ കൂട്ടിച്ചേർത്തു.
ലില്ലെക്കെതിരായ മത്സരത്തിലെ ഗോളോടെ ഈ സീസണിലെ ഏഴാമത്തെ ഗോളാണ് മെസി കുറിച്ചത്. ഇതിൽ അഞ്ചെണ്ണവും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പിറന്നപ്പോൾ ലീഗിൽ താരം രണ്ടു ഗോളുകൾ മാത്രമാണ് നേടിയത്. എന്നാൽ ലില്ലെക്കെതിരെ കാഴ്‌ച വെച്ച പ്രകടനം മെസിയുടെ തിരിച്ചുവരവിന്റെ തുടക്കമാണെന്നും സീസണിന്റെ രണ്ടാം പകുതിയിൽ താരം കൂടുതൽ മികവു പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.