Football in Malayalam

മൊണാക്കോക്കെതിരെ ഇരട്ടഗോളുകൾ, ചരിത്രനേട്ടം കുറിച്ച് കെയ്‌ലിൻ എംബാപ്പെ

Sreejith N
Paris Saint Germain v AS Monaco - Ligue 1 Uber Eats
Paris Saint Germain v AS Monaco - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ തന്റെ മുൻ ക്ലബായ മൊണാക്കോക്കെതിരെ ഇരട്ടഗോളുകൾ നേടി പിഎസ്‌ജിയെ വിജയത്തിലെത്തിച്ചതിനു പിന്നാലെ ചരിത്രനേട്ടവും കുറിച്ച് കെയ്‌ലിയൻ എംബാപ്പെ. ഇന്നലത്തെ ഗോളുകളിലൂടെ ഒരു ടോപ് ലീഗിൽ ഏതെങ്കിലുമൊരു ടീമിനു വേണ്ടി നൂറു ഗോൾ തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്.

ആദ്യപകുതിയിലാണ് മത്സരത്തിലെയും എംബാപ്പയുടെയും രണ്ടു ഗോളും പിറന്നത്. ഡി മരിയയെ ബോക്‌സിൽ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി പന്ത്രണ്ടാം മിനുട്ടിൽ ലക്ഷ്യത്തിലെത്തിച്ച താരം നാൽപത്തിയഞ്ചാം മിനുട്ടിൽ മെസിയുടെ അസിസ്റ്റിൽ നിന്നുമാണ് രണ്ടാം ഗോൾ നേടുന്നത്. ഇതോടെ ഇരുപത്തിരണ്ടു വയസും 357 ദിവസവും പ്രായമുള്ളപ്പോൾ പിഎസ്‌ജിക്കു വേണ്ടി നൂറു ഗോളെന്ന നേട്ടം എംബാപ്പെക്ക് സ്വന്തമാക്കാൻ കഴിഞ്ഞു.

"എനിക്ക് കളിക്കാൻ ഇഷ്‌ടമാണ്‌, വളരെ ഇഷ്ടമാണ്. എല്ലാ മത്സരത്തിലും മൈതാനത്തുണ്ടാകാനാണ് എന്റെ ആഗ്രഹം. ഇന്നും കളിക്കാൻ കഴിഞ്ഞതിലും ടീമിനെ സഹായിക്കാൻ കഴിഞ്ഞതിലും സന്തോഷമുണ്ട്. കലണ്ടർ വർഷം അവസാനിക്കുന്നതിനു മുൻപുള്ള മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നു." എംബാപ്പെ മത്സരത്തിനു ശേഷം പറഞ്ഞു.

തന്റെ മുൻ ക്ലബായ മൊണാക്കോക്കെതിരെ കളിച്ച് രണ്ടു ഗോൾ നേടിയതിനെക്കുറിച്ചും എംബാപ്പെ പ്രതികരിച്ചു. "ഇതു ഫുട്ബോളാണ്.മൊണാക്കോയിൽ ഞാൻ വളരെ മികച്ചൊരു സമയം ചെലവഴിച്ചിരുന്നു. അവിടെയാണ് ഞാൻ വളർന്നത്, മനോഹരമായ ഓർമകളും അവിടെയുണ്ട്. എന്നാലിപ്പോൾ അതു കഴിഞ്ഞു പോയി, ഞാൻ പിഎസ്‌ജിയിലാണ് കളിക്കുന്നത്. ഞാൻ സന്തോഷവാനാണ്. ക്ലബിനായി ഞാൻ എല്ലാം നൽകിയിട്ടുണ്ട്." എംബാപ്പെ പറഞ്ഞു.

അസ്ഥിരമായ പ്രകടനം നടത്തിയ ഒരു സമയത്തിനു ശേഷം ഇപ്പോൾ പതിയെ പിഎസ്‌ജി താളം കണ്ടെത്തി തുടങ്ങിയിട്ടുണ്ടെന്ന് ഇന്നലത്തെ മത്സരം വ്യക്തമാക്കുന്നു. ഈ സീസണിൽ ടീമിന്റെ ടോപ് സ്കോററായ എംബാപ്പെ തന്നെയാണ് ടീമിനെ മുന്നോട്ടു കൊണ്ടു പോകുന്നത്. അതേസമയം താരത്തിന്റെ കരാർ ഈ സീസണു ശേഷം അവസാനിക്കുമെന്നത് ആരാധകർക്ക് ആശങ്കയായി തുടരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit