Transfers

എംബാപ്പെ റയൽ മാഡ്രിഡിലേക്ക്, ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം പ്രഖ്യാപനമുണ്ടായേക്കും

Sreejith N
Mbappe Agrees Terms With Real Madrid
Mbappe Agrees Terms With Real Madrid / Catherine Steenkeste/GettyImages
facebooktwitterreddit

ദീർഘനാളത്തെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾക്കു വിരാമം കുറിച്ച് പിഎസ്‌ജിയുടെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നു. ഇരുപത്തിമൂന്നുകാരനായ താരവും റയലും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷം ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ഗോളിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

തന്റെ ഭാവിയെക്കുറിച്ച് തീരുമാനം എടുത്തു കഴിഞ്ഞുവെന്നും അടുത്ത ദിവസങ്ങളിൽ തന്നെ അത് പ്രഖ്യാപിക്കുമെന്നും എംബാപ്പെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് താരവും റയൽ മാഡ്രിഡും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകൾ യൂറോപ്യൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്. പിഎസ്‌ജിയിൽ എംബാപ്പെ ഇനി തുടരില്ലെന്ന് ഇതു വ്യക്തമാക്കുന്നു.

എംബാപ്പയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് ഇനി ഏതാനും ചെറിയ കാര്യങ്ങൾ മാത്രമേ പൂർത്തിയാകാനുള്ളൂ. ഫ്രഞ്ച് ലീഗ് സീസൺ കഴിഞ്ഞതിനു ശേഷമായിരിക്കും താരവുമായി റയൽ മാഡ്രിഡ് കരാർ ഒപ്പിടുകയെന്ന് റിപ്പോർട്ടിൽ പറയുന്നു. ലീഗ് വൺ സീസൺ പൂർത്തിയായതിനു പിന്നാലെ താൻ പിഎസ്‌ജി വിടുമെന്ന കാര്യം എംബാപ്പെ വെളിപ്പെടുത്തിയാലും ചാമ്പ്യൻസ് ലീഗ് ഫൈനലിനു ശേഷമേ റയൽ മാഡ്രിഡ് എംബാപ്പെ ട്രാൻസ്‌ഫർ പ്രഖ്യാപിക്കുകയുമുള്ളൂ.

മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം അഞ്ചു വർഷത്തെ കരാറാണ് എംബാപ്പെ റയൽ മാഡ്രിഡുമായി ഒപ്പിട്ടിരിക്കുന്നത്. റയൽ മാഡ്രിഡ് താരത്തിന് നൽകുന്ന പ്രതിഫലം എത്രയാണെന്ന് കൃത്യമായി അറിയില്ലെങ്കിലും അത് കരാർ പുതുക്കാൻ പിഎസ്‌ജി ഓഫർ ചെയ്‌തതിനേക്കാൾ കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ സീസണിൽ ലാ ലിഗ നേടുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുകയും ചെയ്‌ത റയൽ മാഡ്രിഡിൽ എംബാപ്പെ കൂടി ചേർന്നാൽ അടുത്ത സീസണിൽ യൂറോപ്പിൽ അജയ്യരായി മാറാനുള്ള എല്ലാ കരുത്തും റയൽ മാഡ്രിഡിന്റെ ആവനാഴിയിൽ ഉണ്ടാകും. എംബാപ്പയെ സംബന്ധിച്ച് റയൽ മാഡ്രിഡിലേക്ക് ചേക്കേറുകയെന്ന തന്റെ ദീർഘകാല സ്വപ്‌നം കൂടിയാണ് പൂവണിയാൻ പോകുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit