Football in Malayalam

ഗോളി പോലുമില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ കഴിയാതെ യുറുഗ്വായ് താരം, വിശ്വസിക്കാൻ കഴിയാതെ പരിശീലകൻ

Sreejith N
Winner Game 49 v Winner Game 50: Quarter Final - 2018 FIFA World Cup Russia
Winner Game 49 v Winner Game 50: Quarter Final - 2018 FIFA World Cup Russia / Julian Finney/Getty Images
facebooktwitterreddit

ബൊളീവിയുമായി ഇന്നു രാവിലെ നടന്ന മത്സരത്തിൽ വിജയിച്ചതോടെ കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ നിന്നും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ യുറുഗ്വായ്ക്ക് കഴിഞ്ഞിരുന്നു. കളിച്ച മത്സരങ്ങളെല്ലാം തോറ്റ ബൊളീവിയക്ക് അവസാന മത്സരം വിജയിച്ചാലും ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമിനെ മറികടക്കാൻ കഴിയില്ലെന്നതു കൊണ്ടാണ് ഗ്രൂപ്പ് എയിൽ നിന്നും ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയ ടീമുകൾ ഏതൊക്കെയാണെന്ന കാര്യത്തിൽ തീരുമാനമായത്.

ജെയ്‌റോ ക്വിന്ററോസിന്റെ സെൽഫ് ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി നേടിയ ഗോളുമാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചതെങ്കിലും മത്സരത്തിനു ശേഷം ഏറെ ചർച്ചയായത് വലൻസിയ താരം മാക്‌സി ഗോമസ് നഷ്ടപ്പെടുത്തിയ ഗോളവസരമാണ്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ യുറുഗ്വായുടെ ലീഡുയർത്താൻ ലഭിച്ച സുവർണാവസരം ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് തിരിച്ചു വിടാൻ താരത്തിന് കഴിഞ്ഞില്ലെന്നതാണ് ഏറ്റവും അവിശ്വസനീയമായ കാര്യം.

മത്സരത്തിന്റെ എൺപത്തിയെട്ടാം മിനുട്ടിലാണ് ലൂയിസ് സുവാരസിന് പകരക്കാരനായി മാക്‌സി ഗോമസ് കളത്തിലിറങ്ങിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനുട്ടിൽ യുറുഗ്വായ് നടത്തിയ ഒരു പ്രത്യാക്രമണത്തിൽ ഫെഡറികോ വാൽവെർദെ താരത്തിന് ബോക്‌സിനുള്ളിൽ വെച്ച് പന്ത് നൽകുമ്പോൾ ഗോൾ പോസ്റ്റിൽ ഗോളി പോലുമില്ലാത്ത സാഹചര്യമായിരുന്നു. എന്നാൽ ഏവരെയും ഞെട്ടിപ്പിച്ച് ഗോമസ് അത് പുറത്തേക്കാണ് അടിച്ചു വിട്ടത്. യുറുഗ്വായ് പരിശീലകൻ ടെബാരസ് അതുകണ്ട് തലയിൽ കൈവെച്ചാണ് തന്റെ നിരാശ പ്രകടമാക്കിയത്.

മത്സരത്തിലെ വിജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ നാലാം സ്ഥാനത്താണ് യുറുഗ്വായ്. ചിലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തുവിട്ട പാരഗ്വായെയാണ് അവസാന മത്സരത്തിൽ യുറുഗ്വായ്ക്ക് നേരിടേണ്ടത്. അതിൽ വിജയം സ്വന്തമാക്കി ഗ്രൂപ്പിലെ സ്ഥാനം മെച്ചപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ക്വാർട്ടർ ഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും കരുത്തരായ ടീമായ ബ്രസീലിനെ യുറുഗ്വായ്ക്ക് നേരിടേണ്ട സാഹചര്യമാണുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit