ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ അൽവാരോ മൊറാട്ട യുവന്റസ് വിടില്ലെന്ന ഉറപ്പുമായി അല്ലെഗ്രി

യുവന്റസിന്റെ സ്പാനിഷ് താരം അല്‍വാരോ മൊറാട്ട ക്ലബ് വിടുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് യുവന്റസ് പരിശീലകന്‍ അല്ലെഗ്രി. താരം ക്ലബ് വിടില്ലെന്ന് പറഞ്ഞ അല്ലെഗ്രി, മൊറാട്ടയുടെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും വ്യക്തമാക്കി. ബാഴ്‌സലോണ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ മൊറാട്ടക്കായി രംഗത്തുണ്ടെന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് അല്ലെഗ്രിയുടെ പ്രസ്താവന.
ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ സാവിയുടെ നിര്‍ദേശ പ്രകാരമായിരുന്നു മൊറാട്ടക്ക് വേണ്ടി ബാഴ്‌സലോണ ശ്രമങ്ങള്‍ നടത്തിയിരുന്നത്. അവസാന സീസണില്‍ യുവന്റസിന് വേണ്ടി 21 ഗോളുകള്‍ നേടിയ താരമാണ് മൊറാട്ട എന്ന് ഓര്‍മിച്ച അല്ലെഗ്രി ഏഴ് ഗോളുകളും സെറ്റ് പീസില്‍ നിന്നാണ് താരം സ്വന്തമാക്കിയതെന്നും ഓര്‍മിപ്പിച്ചു.
"അല്‍വാരോ ക്ലബിന്റെ പ്രധാന താരമാണ് അദ്ദേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനാണ്, ഞാന്‍ മൊറാട്ടയുമായി സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ് വിടില്ല," അല്ലെഗ്രി വ്യക്തമാക്കി. യുവന്റസില്‍ ഇത് മൊറാട്ടയുടെ രണ്ടാം വരവാണ്. 2014-16 കാലഘട്ടത്തിലായിരുന്നു മൊറാട്ട ആദ്യമായി യുവന്റസിന് വേണ്ടി കളിച്ചത്.
പിന്നീട് അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മടങ്ങിപ്പോയ മൊറാട്ട 2020ല്‍ 10 മില്യന്‍ യൂറോക്ക് ലോണിലായിരുന്നു വീണ്ടും ഇറ്റാലിയന്‍ കരുത്തന്‍മാരായ യുവന്റസിനൊപ്പം ചേര്‍ന്നത്. കഴിഞ്ഞ സീസണില്‍ സീരീ എ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോപ്പ ഇറ്റാലിയയും സൂപ്പര്‍ കോപ്പാ ഇറ്റാലിയയും സ്വന്തമാക്കാന്‍ യുവന്റസിന് കഴിഞ്ഞിരുന്നു. സീസണില്‍ സീരീ എ കിരീടം തിരിച്ചുപിടിക്കുക എന്ന പ്രധാന ലക്ഷ്യമാണ് പരിശീലകന്‍ അല്ലെഗ്രിക്കും ടീമിനും ഇപ്പോഴുള്ളത്.