Football in Malayalam

റൊണാൾഡോ-ഇക്കാർഡി സ്വാപ് ഡീൽ സംഭവിക്കില്ല; താൻ പി എസ് ജിയിൽ തുടരുമെന്ന് വ്യക്തമാക്കി അർജന്റൈൻ താരം

Gokul Manthara
FBL-ITA-SERIEA-JUVENTUS-INTERMILAN
FBL-ITA-SERIEA-JUVENTUS-INTERMILAN / MARCO BERTORELLO/Getty Images
facebooktwitterreddit

അടുത്ത വർഷം യുവന്റസുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പന്മാരായ പി എസ് ജിക്ക് താല്ലര്യമുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നുണ്ട്. തങ്ങളുടെ അർജന്റൈൻ സൂപ്പർ താരമായ മൗറോ ഇക്കാർഡിയെ യുവന്റസിന് നൽകി പകരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കുന്ന കൈമാറ്റക്കരാർ പി എസ് ജി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞയിടക്ക് വാർത്തകൾ ശക്തമാവുകയും ചെയ്തു. എന്നാൽ ഇപ്പോളിതാ ഇക്കാർഡി-റൊണാൾഡോ സ്വാപ്പ് ഡീൽ സംഭവിക്കില്ലെന്നും, ഇക്കാർഡി പി എസ് ജി യിൽത്തന്നെ തുടരുമെന്നുമുള്ള കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുന്നു.

കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ആരാധകന് നൽകിയ മറുപടിയിലായിരുന്നു താൻ പാരീസ് സെന്റ് ജെർമ്മനിൽത്തന്നെ തുടരുമെന്നുള്ള സൂചനകൾ ഇക്കാർഡി പുറത്ത് വിട്ടത്‌. താൻ പി എസ് ജിയിൽ തുടരണമെന്ന് പറഞ്ഞ ആരാധകന്, അങ്ങനെ തന്നെ സംഭവിക്കുമെന്ന് അർത്ഥം വരുന്ന മറുപടി നൽകിയ അർജന്റൈൻ താരം, അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും വ്യക്തമാക്കി.

നേരത്തെ 2019 ൽ‌ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനിൽ നിന്ന് ലോണിൽ കളിക്കാൻ പി എസ് ജിയിലെത്തിയ മൗറോ ഇക്കാർഡി ക്ലബ്ബിലെ തന്റെ കന്നി സീസണിൽ 34 മത്സരങ്ങളിൽ നിന്ന് 20 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ലോണിൽ കളിച്ച സീസണിൽ തങ്ങൾക്കായി ഉജ്ജ്വല‌ പ്രകടനം കാഴ്ച വെച്ച ഇക്കാർഡിയെ കഴിഞ്ഞ സമ്മറിൽ 60 മില്ല്യൺ യൂറോ നൽകി പി എസ് ജി സ്വന്തമാക്കുകയായിരുന്നു‌.

എന്നാൽ 2019-20 സീസണെ അപേക്ഷിച്ച് കുറവ് മത്സരങ്ങളാണ് പോയ സീസണിൽ പി എസ് ജിക്കായി താരം കളിച്ചത്. നെയ്മറും, എംബാപ്പെയും, ഡി മരിയയും അണിനിരക്കുന്ന പി എസ് ജിയുടെ താരസമ്പന്നമായ മുന്നേറ്റ നിരയിൽ അവസരം കുറഞ്ഞ ഇക്കാർഡിക്ക് കഴിഞ്ഞ തവണ ക്ലബ്ബിനായി 28 മത്സരങ്ങളിലാണ് കളിക്കാൻ അവസരം ലഭിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 13 ഗോളുകളായിരുന്നു താരത്തിന്റെ സമ്പാദ്യം.

facebooktwitterreddit