Football in Malayalam

യൂറോപ്പ ലീഗിൽ ബാഴ്‌സലോണയെ എതിരാളികളെ ലഭിക്കാൻ ആഗ്രഹമുണ്ടെന്ന് മൗറിസിയോ സാറി

Sreejith N
FBL-EUR-C3-LOKOMOTIV MOSCOW-LAZIO
FBL-EUR-C3-LOKOMOTIV MOSCOW-LAZIO / KIRILL KUDRYAVTSEV/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ നിന്നും പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. യുവേഫ കപ്പിനെ യൂറോപ്പ ലീഗാക്കി മാറ്റിയതിനു ശേഷം ഇതുവരെയും അതിൽ കളിക്കേണ്ടി വന്നിട്ടില്ലാത്ത ടീമാണ് ബാഴ്‌സലോണ. യൂറോപ്പയിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരുമായി പ്ലേ ഓഫ് കളിച്ചതിനു ശേഷമാണ് ബാഴ്‌സക്ക് ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിലേക്ക് ഇടം നേടാൻ കഴിയുക.

അതിനിടയിൽ ബാഴ്‌സലോണയെ യൂറോപ്പ ലീഗ് ടൂർണമെന്റിൽ എതിരാളികളായി ലഭിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കയാണ് മുൻ ചെൽസി, യുവന്റസ് പരിശീലകനായ മൗറീസിയോ സാറി. നിലവിൽ അദ്ദേഹം പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ ക്ലബായ ലാസിയോ യൂറോപ്പ ലീഗിൽ കളിക്കുന്നുണ്ട്. ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനക്കാരായിരുന്ന അവർ ചിലപ്പോൾ പ്ലേ ഓഫിൽ തന്നെ ബാഴ്‌സലോണയെ നേരിടേണ്ടി വന്നേക്കുമെന്ന കൗതുകം കൂടിയുണ്ട്.

"എനിക്ക് ബാഴ്‌സലോണയെ നേരിടാൻ ആഗ്രഹമുണ്ട്, കാരണം അവർ ഞാനിതു വരെ കരിയറിൽ നേരിടാത്ത ഒരേയൊരു ടീം കൂടിയാണ്. അവരെ ഫൈനലിൽ നേരിടുന്നത് മികച്ചതായിരിക്കും." യൂറോപ്പ ലീഗിൽ എതിരാളികളായി ആഗ്രഹിക്കുന്ന ടീമിനെപ്പറ്റി ചോദിച്ചപ്പോൾ സ്കൈ സ്‌പോർട്സിനോട് മൗറീസിയോ സാറി പറഞ്ഞു.

മുൻപ് ചെൽസി പരിശീലകനായിരുന്നപ്പോൾ യൂറോപ്പ ലീഗ് സാറി നേടിയിട്ടുണ്ട്. അതിനു ശേഷം യുവന്റസിന്റെ പരിശീലകനാവാൻ വേണ്ടി അദ്ദേഹം ചെൽസി വിടുകയായിരുന്നു. യുവന്റസിനൊപ്പം സീരി എ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞെങ്കിലുംപരിശീലക സ്ഥാനത്തു നിന്നും ഒഴിവാക്കപ്പെട്ട അദ്ദേഹം പിന്നീട് ലാസിയോ പരിശീലകനായി സീരി എയിലേക്ക് തന്നെ തിരിച്ചെത്തി.

മുൻപ് പരിശീലിപ്പിച്ചിട്ടുള്ള നാപ്പോളി, ചെൽസി, യുവന്റസ് എന്നീ ടീമുകൾക്കൊപ്പം മോശമല്ലാത്ത ട്രാക്ക് റെക്കോർഡുണ്ടെങ്കിലും നിലവിൽ സാറിയുടെ ടീം അത്ര മികച്ച പ്രകടനമല്ല നടത്തുന്നത്. സീരി എയിൽ എട്ടാം സ്ഥാനത്തുള്ള ടീം യൂറോപ്പ ലീഗ് ഗ്രൂപ്പിൽ ഗാലത്സാരക്ക് പിന്നിൽ രണ്ടാമത് ഫിനിഷ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit