ചെറിയ പേടി ഞങ്ങൾക്ക് ഗുണം ചെയ്യും; സാരി പറയുന്നു

Aug 2, 2020, 11:18 AM GMT+5:30
Maurizio Sarri
Juventus v AS Roma - Serie A | Jonathan Moscrop/Getty Images
facebooktwitterreddit

ചെറിയൊരു പേടി ഒപ്പമുള്ളത് തങ്ങൾക്ക് നല്ലതിനാണെന്ന് യുവന്റസ് പരിശീലകൻ മൗറീസിയോ സാരി. കഴിഞ്ഞ ദിവസം നടന്ന സീസണിലെ അവസാന ‌സീരി എ മത്സരത്തിൽ റോമയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതിന് ശേഷം സംസാരിക്കവെയായിരുന്നു ഈയാഴ്ച നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തെ ഉദ്ദേശിച്ച് കൊണ്ട് സാരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ ക്വാർട്ടറിൽ വരുന്ന ശനിയാഴ്ച ലിയോണിനെതിരെയാണ് ‌യുവന്റസിന് മത്സരമുള്ളത്. ആദ്യ പാദത്തിൽ ഒരു ഗോളിന് പരാജയപ്പെട്ടതിനാൽ ഈ മത്സരത്തിൽ യുവന്റസിന് മേലാണ് സമ്മർദ്ദം. അതേ സമയം 1-0ന് പിന്നിൽ നിന്ന് തുടങ്ങുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് ഈ മത്സരത്തെക്കുറിച്ച്‌ സാരി പറയുന്നത്.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം കൂപ്പ് ഡി ലാ ലീഗിന്റെ ഫൈനലിൽ കളിച്ച് കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ലിയോണിന്റെ പ്രകടനത്തേയും സാരി ഇതിനൊപ്പം പ്രശംസിച്ചു.
"ശാരീരികമായി അവർ വളരെ മികച്ച് നിൽക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഏറെക്കാലത്തിന് ശേഷം കളിക്കുന്ന ഒരു ടീമിനെപ്പോലെയായിരുന്നില്ല അവരുടെ കളി." യുവന്റസ് പരിശീലകൻ പറഞ്ഞു.

പരിക്ക് മൂലം അവസാന മത്സരങ്ങൾ നഷ്ടമായ ടീമിന്റെ അർജന്റൈൻ സൂപ്പർ താരം പൗളോ‌ ഡിബാല അതിവേഗം‌ സുഖപ്പെടുന്നുണ്ടെന്നും, അടുത്ത ദിവസം തന്നെ അദ്ദേഹത്തെ കളത്തിലെത്തിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും സാരി ചൂണ്ടിക്കാട്ടി.

അതേ സമയം ഇത് തുടർച്ചയായ ഒൻപതാം തവണയായിരുന്നു യുവന്റസ് സീരി എ കിരീടം നേടുന്നത്. അവസാന 8 ലീഗ് മത്സരങ്ങളിൽ 2 എണ്ണത്തിൽ മാത്രമാണ് അവർ വിജയിച്ചതെങ്കിലും അതിന്റെ നിരാശയൊന്നും സീരി എ അവസാനിക്കുമ്പോൾ സാരിയുടെ മുഖത്തില്ലായിരുന്നു‌. ലാസിയോക്കെതിരായ വിജയ ശേഷം ചാമ്പ്യൻഷിപ്പ് നേടിയെന്ന് തങ്ങൾ കരുതിയെന്നും, പിന്നീട് മാനസികമായി കുറച്ച് പിന്നോട്ട് പോയെന്നുമായിരുന്നു റോമക്കെതിരെ സംഭവിച്ച പരാജയത്തിന് ശേഷം സ്കൈ സ്പോർട് ഇറ്റാലിയയോട് സംസാരിക്കവെ സാരി പറഞ്ഞത്.

facebooktwitterreddit