Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാവാൻ പൊച്ചട്ടീനോക്ക് ആഗ്രഹം; സോൾഷ്യറെ പുറത്താക്കിയാൽ പകരക്കാരനായി എത്താൻ സാധ്യത

By Gokul Manthara
Ajax v Tottenham Hotspur - UEFA Champions League Semi Final: Second Leg
Ajax v Tottenham Hotspur - UEFA Champions League Semi Final: Second Leg / Dan Mullan/GettyImages
facebooktwitterreddit

മൗറീസിയോ പൊച്ചട്ടീനോയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനുള്ള താല്പര്യം ഇപ്പോളും മികച്ച രീതിയിലുണ്ടെന്നും ഭാവിയിൽ അദ്ദേഹം ക്ലബ്ബിന്റെ പരിശീലകനായെത്താനുള്ള സാധ്യതകൾ വളരെ ഉയർന്ന് നിൽക്കുന്നുവെന്നും റിപോർട്ടുകൾ. നിലവിൽ ക്ലബ്ബിന്റെ പരിശീലകനായ ഒലെ ഗുണ്ണാർ സോൾഷ്യറിന്റെ കരാർ തീർന്നതിന് ശേഷം പൊച്ചട്ടീനോയെ പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗൗരവമായി പരിഗണിച്ചേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സോൾഷ്യറെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർ പരിഗണിച്ചിരുന്നുവെങ്കിലും, ടോട്ടനത്തിനെതിരെ നേടിയ മൂന്ന് ഗോൾ വിജയത്തോടെ ക്ലബ്ബിലെ തന്റെ ഭാവി കുറച്ച് നാൾ കൂടി നീട്ടിയെടുക്കാൻ നോർവീജിയൻ പരിശീലകനായിരുന്നു‌. എന്നിരുന്നാലും ക്ലബ്ബിൽ ഇപ്പോളും സോൾഷ്യറുടെ സ്ഥാനം അത്ര സുക്ഷിതമല്ലെന്നതാണ് വാസ്തവം.

മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ട പല പ്രമുഖർക്കിടയിലും പൊച്ചട്ടീനോ ജനപ്രിയനാണെന്നും, സോൾഷ്യറിന്റെ സമയം കഴിഞ്ഞാൽ അദ്ദേഹത്തെ പരിശീലക ‌സ്ഥാനത്തേക്ക് അവർ പരിഗണിക്കുമെന്നുമാണ് 90Min മനസിലാക്കുന്നത്.

നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെർമ്മന്റെ പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോക്ക് 2023 വരെയാണ് അവരുമായി കരാറുള്ളത്. എന്നാൽ ക്ലബ്ബിൽ പൊച്ചട്ടീനോയുടെ സ്ഥാനവും അത്ര സുരക്ഷിതമല്ല എന്നതാണ് സത്യം. പൊച്ചട്ടീനോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക ജോലി ഇഷ്ടപ്പെടുന്നതിനാൽ ഏത് നിമിഷവും അദ്ദേഹം ഇംഗ്ലീഷ് ക്ലബ്ബിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നാണ് ദി അത്ലറ്റിക്കിന്റെ മാധ്യമപ്രവർത്തകനായ ലോറി വിറ്റ്വെൽ റിപ്പോർട്ട് ചെയ്യുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകനും ക്ലബ്ബിന്റെ കാര്യങ്ങളിൽ ഇപ്പോളും ഇടപെടലുകൾ നടത്താൻ കഴിവുള്ളതുമായ സർ അലക്സ് ഫെർഗൂസനുമായി പൊച്ചട്ടീനോക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്ന് സൂചനകളുണ്ട്. നിലവിൽ പുറത്ത് വരുന്ന ഇത്തരം സൂചനകളിൽ നിന്നും റിപ്പോർട്ടുകളിൽ നിന്നും ഭാവിയിൽ പൊച്ചട്ടീനോയെ മാാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലക‌വേഷത്തിൽ കാണാൻ കഴിയുമെന്ന് തന്നെയാണ് കരുതേണ്ടത്.


facebooktwitterreddit