പി.എസ്.ജി പരിശീലക സ്ഥാനത്തു നിന്ന് പൊച്ചറ്റീനോയെ മാറ്റുമെന്ന് റിപ്പോര്‍ട്ട്

പി.എസ്.ജിയുടെ പരിശീലക സ്ഥാനത്തുനിന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ മൗറീസിയോ പൊച്ചറ്റീനോ മാറ്റുമെന്ന് റിപ്പോര്‍ട്ട്. ലെ പാരിസിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സീസണിലെ ലീഗ് വണ്‍ കിരീടം പൊച്ചറ്റീനോക്ക് കീഴില്‍ പി.എസ്.ജി നേടിയിട്ടുണ്ടെങ്കിലും പരിശീലകനെ മാറ്റാന്‍ തന്നെയാണ് മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജിക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനോട് പരാജയപ്പെട്ട് പുറത്താകുകയായിരുന്നു.
2019ല്‍ പ്രീമിയര്‍ ലീഗ് ക്ലബായ ടോട്ടന്‍ഹാം വിട്ട് പി.എസ്.ജിയിലെത്തി പൊച്ചറ്റീനോക്ക് കാര്യമായ നേട്ടമൊന്നും ടീമിന് നേടിക്കൊടുക്കാന്‍ സാധിച്ചിട്ടില്ല. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ബ്രസീലിയന്‍ മുന്നേറ്റ താരം നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരെല്ലാം ടീമിലുണ്ടായിരുന്നിട്ടും അത്ര മികച്ചൊരു റിസല്‍ട്ടുണ്ടാക്കാണ്‍ പൊച്ചറ്റീനോക്ക് കഴിഞ്ഞിട്ടില്ല.
പി.എസ്.ജിയില്‍ ഒരു വര്‍ഷംകൂടി കരാറുള്ള പൊച്ചറ്റീനോ പാരിസില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും പി.എസ്.ജിക്കായി ചാംപ്യന്‍സ് ലീഗ് നേടിക്കൊടുക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇതിനായി പ്രവര്‍ത്തിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അദ്ദേഹം ടീമിൽ തുടരില്ലെന്നാണ് ലെ പാരിസിയെന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയും ക്ലബിൽ തുടരില്ലെന്നും അവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.