Football in Malayalam

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പിഎസ്ജി ആധിപത്യം പുലർത്തിയെന്നും തങ്ങൾ ഇതിലും മികച്ചത് അർഹിച്ചിരുന്നുവെന്നും പൊച്ചട്ടീനോ

Gokul Manthara
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two
Manchester City v Paris Saint-Germain - UEFA Champions League Semi Final: Leg Two / Laurence Griffiths/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമിയുടെ ഇരുപാദങ്ങളിലും മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടെങ്കിലും അവർക്കെതിരെ തന്റെ ടീം ആധിപത്യം പുലർത്തിയെന്ന് പി എസ് ജി പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോ. പി എസ് ജി ഈ മത്സരങ്ങളിൽ ഇതിലും മികച്ച ഫലം അർഹിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പൊച്ചട്ടീനോ, നിയന്ത്രിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ടീമിനെതിരെ പി എസ് ജി ആധിപത്യം പുലർത്തിയെന്ന് ഇന്നലെ രണ്ടാം പാദ സെമി ഫൈനലിന് ശേഷം ആർ എം സി സ്പോർടിനോട് സംസാരിക്കവെയായിരുന്നു അഭിപ്രായപ്പെട്ടത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ട് പാദ മത്സരങ്ങളും വിശകലനം ചെയ്യുകയാണെങ്കിൽ അവർക്കെതിരെ തങ്ങൾ ആധിപത്യം സ്ഥാപിച്ചുവെന്ന് പറയുന്ന പൊച്ചട്ടീനോ, താൻ ഇപ്പോൾ നിരാശനാണെന്നും ഇതിലും മികച്ച ഫലം തങ്ങൾ അർഹിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു. "ഞാൻ നിരാശനാണ്. കാരണം ഞങ്ങൾ ഇതിലും മികച്ചത് അർഹിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഞങ്ങളേക്കാൾ ക്ലിനിക്കലായിരുന്നു‌ അവർ ആവശ്യമായ ഗോളുകൾ നേടി. ഇത് അല്പം നിരാശാജനകമാണ്. കാരണം ഞങ്ങളുടെ ലക്ഷ്യം ഫൈനലിലേക്ക് യോഗ്യത നേടുക എന്നതായിരുന്നു." പൊച്ചട്ടീനോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ നിന്നുള്ള പുറത്താകൽ വളരെയധികം ബുദ്ധിമുട്ട് നൽകുന്ന കാര്യമാണെന്ന് പറയുന്ന പൊച്ചട്ടീനോ, ഈ സമയത്ത് തങ്ങൾ‌ പോസിറ്റീവ് ആയിരിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ബാഴ്സലോണയേയും, ബയേണിനേയും തോൽപ്പിച്ചാണ് പി എസ് ജി ഇവിടെയെത്തിയതെന്നും ഫൈനലിലേക്ക് പ്രവേശനം നേടാനാവാത്തത് ലജ്ജാകരമാണെന്നും അഭിപ്രായപ്പെട്ട പൊച്ചട്ടീനോ എന്നാൽ തന്റെ ടീം അവസാന നിമിഷം വരെ പൊരുതിയെന്നും വ്യക്തമാക്കി.

അതേ സമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും പരാജയമായിരുന്നു പി എസ് ജിയെ കാത്തിരുന്നത്.‌ സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദ സെമിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട അവർ ഇന്നലെ ‌സിറ്റിയുടെ മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവിയേറ്റു വാങ്ങുകയായിരുന്നു. ഇരു പാദങ്ങളിലുമായി‌ പി എസ് ജിയെ 4-1 ന് മറികടന്ന മാഞ്ചസ്റ്റർ സിറ്റി അങ്ങനെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗിന്റെ കലാശപ്പോരാട്ടത്തിലേക്ക് പ്രവേശനം നേടുകയും ചെയ്തു.

facebooktwitterreddit