മെസിയെ സ്വന്തമാക്കാൻ താൽപര്യമുണ്ടോയെന്ന് ലിയനാർഡോ ചോദിച്ചപ്പോൾ തമാശയാണെന്നാണ് കരുതിയെന്ന് പോച്ചട്ടിനോ


ലയണൽ മെസിയെ സ്വന്തമാക്കുന്നതിനു വേണ്ടി പിഎസ്ജി ഡയറക്റ്റർ ലിയനാർഡോ തന്നോട് അഭിപ്രായം ചോദിച്ചപ്പോൾ തമാശയാണെന്നാണു കരുതിയതെന്ന് പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ. ഓഗസ്റ്റ് പത്തിനാണ് ഫ്രീ ഏജന്റായിരുന്ന ലയണൽ മെസി ബാഴ്സയുമായി കരാർ പുതുക്കാൻ കഴിയാത്തതിനാൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറിയത്.
മെസിയെ സ്വന്തമാക്കുന്നതിനായി കോച്ചിന്റെ സമ്മതം വാങ്ങാൻ ലിയനാർഡോ പോച്ചട്ടിനോയെ വിളിച്ചപ്പോൾ തനിക്കത് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അർജന്റീനിയൻ പരിശീലകൻ വ്യക്തമാക്കി. എന്നാൽ അതു യാഥാർത്ഥ്യം തന്നെയാണെന്ന് മനസിലായപ്പോൾ മെസിയെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറയുന്നു.
Mauricio Pochettino thought PSG's Sporting Director was joking when he said they could sign Messi for free ? pic.twitter.com/LiKhR9uVtn
— ESPN FC (@ESPNFC) October 14, 2021
"ലിയനാർഡോ എന്നെ വിളിച്ചതിനു ശേഷം പറഞ്ഞു: 'അതിനുള്ള സാധ്യത ഇപ്പോഴുണ്ട്. നിങ്ങൾക്കതിൽ താൽപര്യമുണ്ടോ ഇല്ലയോ എന്ന്?' ഞാനപ്പോൾ എന്നോട് തന്നെ ചോദിച്ചു: 'ഇതൊക്കെ ചോദിക്കേണ്ട കാര്യമുണ്ടോ?' ശരിക്കും അദ്ദേഹം തമാശ പറയുകയാണെന്നാണ് ഞാനാദ്യം കരുതിയത്." പോച്ചട്ടിനോ പറഞ്ഞു.
"ഞാനദ്ദേഹത്തോട് പറഞ്ഞു: 'നമ്മളൊരുമിച്ചു പോയി മെസിയെ കൂട്ടിക്കൊണ്ടു വരണോ? വണ്ടി ഞാനോടിക്കണോ?' അവിടെ നിന്നുമാണ് ചർച്ചകൾ ആരംഭിച്ചത്. അതിനു ശേഷം എല്ലാ ദിവസവും ലിയനാർഡോ എന്നെ വിളിച്ച് സാഹചര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു." പോച്ചട്ടിനോ വ്യക്തമാക്കി.
"എല്ലാവരും കരുതിയിരുന്നത് ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരും എന്നായിരുന്നു. എല്ലാ ക്ലബുകളുമില്ലെങ്കിൽ നിരവധി ക്ലബുകൾ ഫ്രീ ഏജന്റായി മാറിയ താരത്തെ സ്വന്തമാക്കാൻ സ്വപ്നം കണ്ടിരുന്നു. പിഎസ്ജി താൽപര്യം പ്രകടിപ്പിച്ച സമയം മുതൽ മെസിക്ക് ഇവിടേയ്ക്ക് വരാൻ താൽപര്യമുണ്ടായിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് സംഭവിച്ചത്." പോച്ചട്ടിനോ പറഞ്ഞു.
മെസിയെ സ്വന്തമാക്കുന്നതിൽ ക്ലബ് ഡയറക്റ്ററായ ലിയനാർഡോ നടത്തിയ നീക്കങ്ങളെ പ്രശംസിച്ച പോച്ചട്ടിനോ ടീമിലെ പ്രധാന താരമായ എംബാപ്പെ ക്ലബിനൊപ്പം തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു. ക്ലബ് താരത്തെ തുടരാൻ പ്രേരിപ്പിക്കുമെന്നാണ് പോച്ചട്ടിനോയുടെ വിശ്വാസം.