നീസിനെതിരെ മെസ്സി കളിക്കുമോ? റയൽ മാഡ്രിഡിനെതിരെ നെയ്മർ കളിക്കുമോ? മറുപടിയുമായി പൊച്ചറ്റീനോ

പരുക്കേറ്റ പി.എസ്.ജിയുടെ ബ്രസീലിയന്‍ താരം നെയ്മര്‍ ചാംപ്യന്‍സ് ലീഗിന് മുന്‍പ് കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഇന്ന് ഉണ്ടാകുമെന്ന് ഫ്രഞ്ച് ക്ലബിന്റെ പരിശീലകന് മൗറീസിയോ പൊച്ചറ്റീനോ. ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാര്‍ട്ടറിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊച്ചറ്റീനോ ഇക്കാര്യം വ്യക്തമാക്കിയത്.
"ചാംപ്യന്‍സ് ലീഗിന് മുന്‍പ് നെയ്മറിന് വീണ്ടും കളിക്കാന്‍ കഴിയുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. താരത്തിന് വേണ്ടി ഇന്ന് മെഡിക്കല്‍ സ്റ്റാഫ് പുതിയ പ്രോഗ്രാം തയ്യാറാക്കും. കൂടുതൽ കാര്യങ്ങൾ തിങ്കളാഴ്ച അറിയാം," പൊച്ചറ്റീനോ വ്യക്തമാക്കി.
ചാംപ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെതിരേയുള്ള മത്സരത്തിന് മുന്നോടിയായി പരുക്കില്‍ നിന്ന് മുക്തനാകാനുള്ള കഠിന ശ്രമത്തിലാണ് നെയ്മര്‍. റയല്‍ മാഡ്രിഡിനെതിരേയുള്ള മത്സരത്തില്‍ നെയ്മര്‍ ഇല്ലെങ്കില്‍ പി.എസ്.ജിക്ക് അത് കനത്ത വെല്ലുവിളിയാകും. ഫെബ്രുവരി 16ന് പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടിലാണ് ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ ആദ്യ പാദം നടക്കുന്നത്.
രണ്ടാം പാദം മാര്‍ച്ച് 10ന് സാന്റിയാഗോ ബെര്‍ണബ്യൂവിലും നടക്കും. ഫെബ്രുവരി ഒന്നിന് ഫ്രഞ്ച് കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ നീസിനെതിരേയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസ്സി ഉള്‍പ്പെടുമെന്നും പൊച്ചറ്റീനോ വ്യക്തമാക്കി.
"ഈ ആഴ്ച അവൻ നന്നായി പരിശീലിച്ചു, കൊവിഡ് കാരണം വന്ന ഒരു ഇടവേളക്ക് ശേഷം, കഴിഞ്ഞ ആഴ്ച 30 മിനിറ്റ് അവൻ കളിച്ചു, തിങ്കളാഴ്ച നീസിനെതിരായ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യാൻ അവൻ ഫിറ്റാണെന്ന് ഞാൻ കരുതുന്നു," പൊച്ചറ്റീനോ പറഞ്ഞു.
കൊവിഡ് ബാധിച്ചതിന് ശേഷം മെസ്സി കൂടുതല്‍ സമയം കളിച്ചിട്ടില്ല. ജനുവരി 24ന് റെയിംസിനെതിരേയുള്ള ലീഗ് മത്സരത്തില്‍ മെസ്സി 30 മിനുട്ട് കളത്തിലിറങ്ങിയിരുന്നു. ആ മത്സരത്തില്‍ ഒരു അസിസ്റ്റുമായി മെസ്സി തിളങ്ങുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.