Football in Malayalam

ബ്രെസ്റ്റോയിസിനെതിരെ മെസി കളിക്കുമോയെന്ന് ചോദ്യം; പി എസ് ജി പരിശീലകൻ പൊച്ചട്ടീനോയുടെ മറുപടി ഇങ്ങനെ...

Gokul Manthara
FBL-FRA-LIGUE1-PSG-TRAINING
FBL-FRA-LIGUE1-PSG-TRAINING / BERTRAND GUAY/Getty Images
facebooktwitterreddit

കഴിഞ്ഞയാഴ്ച പാരീസ് സെന്റ് ജെർമ്മനുമായി കരാർ ഒപ്പു വെച്ച ലയണൽ മെസി പക്ഷേ എന്നാകും ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കുകയെന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ഇടവേളക്ക് ശേഷമാകും താരം പിഎസ് ജി ജേഴ്സിയിൽ അരങ്ങേറുക എന്ന് ആദ്യമൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും താരം ഈ‌ മാസം തന്നെ‌ ക്ലബ്ബിനായി അരങ്ങേറിയേക്കുമെന്ന വാർത്തകളാണ് ഏറ്റവും അവസാനം പുറത്ത് വന്നത്.

പി എസ് ജിക്കൊപ്പം തകൃതിയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന മെസിയുടെ ക്ലബ്ബിലെ അരങ്ങേറ്റത്തിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. അടുത്ത ദിവസം ബ്രെസ്റ്റോയിസിനെതിരെ നടക്കാനിരിക്കുന്ന ലീഗ് വൺ മത്സരത്തിൽ മെസി ടീമിലുണ്ടാകുമോ എന്നറിയാനും ആരാധകർക്ക് വലിയ ആകാംക്ഷയുണ്ട്. മത്സരത്തിന് മുന്നോടിയായി ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പിഎസ് ജി‌പരിശീലകനായ മൗറീസിയോ പൊച്ചട്ടീനോക്കും ഇത് സംബന്ധിച്ച ചോദ്യം നേരിടേണ്ടി വന്നു.

ബ്രെസ്റ്റോയിസിനെതിരായ മത്സരത്തിനുള്ള പി എസ് ജി ടീമിന്റെ പദ്ധതികളിൽ മെസിയുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തങ്ങൾ ഇതു വരെ ഈ മത്സരത്തിനുള്ള പദ്ധതികളെക്കുറിച്ച് ടീമിനോട് പറഞ്ഞിട്ടില്ലെന്നും, കോൺഫറൻസിന് ശേഷം ഇക്കാര്യം വിശകലനം ചെയ്ത് തീരുമാനിക്കുമെന്നുമായിരുന്നു പൊച്ചട്ടീനോ ചൂണ്ടിക്കാട്ടിയത്. എന്നാൽ മെസി ഈ മത്സരത്തിൽ കളിക്കാനുള്ള ഒരു വിദൂര സാധ്യത പൊച്ചട്ടീനോയുടെ വാക്കുകളിൽ കണ്ടതോടെ ആരാധകർ ആവേശത്തിലായിട്ടുണ്ട്.

"അവന്റെ (മെസി) ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാം. അവൻ വളരെ മികച്ച ഒരു പോസിറ്റീവ് എനർജി നൽകുന്നു‌. ഡ്രെസ്സിംഗ് റൂമിൽ മാത്രമല്ല കളിക്കളത്തിനകത്തും ഇപ്പോൾ മികച്ചൊരു വികാരമുണ്ടെന്ന് നിങ്ങൾക്ക് പറയാൻ കഴിയും." പൊച്ചട്ടീനോ പറഞ്ഞു നിർത്തി.

അതേ സമയം കോപ്പ അമേരിക്കയിൽ അർജന്റീനക്കൊപ്പം കിരീടം ചൂടിയതിന് ശേഷം വിശ്രമത്തിലായിരുന്ന മെസി അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോളായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റുകൾ സംഭവിച്ചതും താരത്തിന് ബാഴ്സലോണ വിടേണ്ടി വന്നതും. ഇത് കൊണ്ടു തന്നെ കഴിഞ്ഞ ഒരു മാസത്തിലധികമായി താരത്തിന് കാര്യമായി‌‌ പരിശീലനം നടത്താനായിരുന്നില്ല. എന്നാൽ ബാഴ്സലോണയിൽ നിന്ന് പി എസ് ജിയിലേക്ക് ചേക്കേറിയതിന് ശേഷം പരിശീലനം മികച്ച രീതിയിൽ പുനരാരംഭിച്ച‌ മെസി നിലവിൽ മാച്ച് ഫിറ്റാണെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

facebooktwitterreddit