റെന്നസിനെതിരായ മത്സരത്തിൽ നെയ്മറെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി പൊച്ചട്ടീനോ

റെന്നസിനെതിരെ ഇന്ന് നടന്ന ലീഗ് വൺ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത് തന്ത്രപരമായ കാരണങ്ങളാലാണെന്ന് പി എസ് ജി പരിശീലകൻ മൗറീസിയോ പൊച്ചട്ടീനോ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയയായിരുന്നു നെയ്മറുടെ സബ്സ്റ്റിറ്റ്യൂഷന് പിന്നിലെ കാരണം പി എസ് ജി ബോസ് വ്യക്തമാക്കിയത്.
റെന്നസിനെതിരായ പോരാട്ടത്തിന്റെ എഴുപത്തിയാറാം മിനുറ്റിലായിരുന്നു നെയ്മറെ, പൊച്ചട്ടീനോ സബ് ചെയ്തത്. ടീം 2-0 ന് പിന്നിൽ നിൽക്കവെ നെയ്മറെ, പൊച്ചട്ടീനോ പുറത്തേക്ക് വിളിച്ചത് ഫിറ്റ്നസ്പരമായ കാര്യങ്ങളാലാണെന്ന് പിന്നാലെ ഫുട്ബോൾ ലോകത്ത് സംസാരമുയർന്നിരുന്നു. മത്സരശേഷമുള്ള പത്രസമ്മേളനത്തിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യം പൊച്ചട്ടീനോക്ക് നേരിടേണ്ടിയും വന്നു. നെയ്മർ മത്സരത്തിനിടെ ശാരീരികമായി ബുദ്ധിമുട്ടിയിരുന്നുവോയെന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി നൽകിയ പി എസ് ജി ബോസ്, തന്ത്രപരമായ കാരണങ്ങളാലാണ് ആ സബ്സ്റ്റിറ്റ്യൂഷനെന്നും തുറന്ന് പറഞ്ഞു.
അതേ സമയം ലീഗ് വണ്ണിൽ ഈ സീസണിലെ ആദ്യ പരാജയമായിരുന്നു റെന്നസിനെതിരെ പി എസ് ജി ഏറ്റുവാങ്ങിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ നാൽപ്പത്തിയഞ്ചാം മിനുറ്റിൽ ലബോർഡയും, നാൽപ്പത്തിയാറാം മിനുറ്റിൽ ഫ്ലാവിയൻ ടൈറ്റുമാണ് റെന്നസിനായി വല കുലുക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട മത്സരത്തിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് തൊടുക്കാൻ പി എസ് ജിക്ക് കഴിഞ്ഞിരുന്നില്ല.
പരാജയപ്പെട്ടെങ്കിലും 9 മത്സരങ്ങളിൽ 8 വിജയങ്ങൾ നേടിക്കഴിഞ്ഞ പി എസ് ജി തന്നെയാണ് ഇപ്പോളും ലീഗ് വൺ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഈ മാസം 16 ന് ആംഗേഴ്സിനെതിരെയാണ് ലീഗിൽ അവരുടെ അടുത്ത പോരാട്ടം.