യാഥാർത്ഥ്യം ഉൾക്കൊള്ളണം, 2014ലെ സാഹചര്യമല്ല റാമോസിനും മെസിക്കും നെയ്മർക്കും ഇപ്പോഴുള്ളതെന്ന് പോച്ചട്ടിനോ


സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ഫുട്ബോൾ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ക്ലബ് പിഎസ്ജിയായിരിക്കും. സമ്മർ ജാലകത്തിന്റെ തുടക്കത്തിൽ തന്നെ സെർജിയോ റാമോസ്, ജിയാൻലൂജി ഡോണറുമ്മ, ജോർജിനിയോ വൈനാൽഡം, അഷ്റഫ് ഹക്കിമി എന്നീ സൂപ്പർതാരങ്ങളെ സ്വന്തമാക്കിയ പിഎസ്ജി അതിനു പിന്നാലെ ബാഴ്സലോണയിൽ നിന്നും ലയണൽ മെസിയെയും സ്വന്തമാക്കി യൂറോപ്പിലെ ഏറ്റവും കരുത്തരായ താരങ്ങളുള്ള ടീമായി മാറി.
എന്നാൽ സമ്മറിൽ ടീമിലെത്തിയ താരങ്ങളിൽ റയൽ മാഡ്രിഡിന്റെ മുൻ നായകനായ റാമോസ് ഇതുവരെയും ക്ലബിനു വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. പരിക്കിൽ നിന്നും മുക്തനാവാൻ പോരാടിക്കൊണ്ടിരിക്കുന്ന റാമോസ് ഇതുവരെയും കളിക്കാത്തതിൽ ആരാധകർക്ക് വളരെയധികം ഉത്കണ്ഠയുമുണ്ട്. എന്നാൽ റാമോസ് ഉൾപ്പെടെയുള്ള ടീമിലെ സൂപ്പർതാരങ്ങൾ മുൻകാലങ്ങളിൽ സ്വന്തമാക്കിയ നേട്ടങ്ങളല്ല മറിച്ച് അവരുടെ നിലവിലെ സാഹചര്യമാണ് വിലയിരുത്തേണ്ടത് എന്നാണു പിഎസ്ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ പറയുന്നത്.
"ചിലപ്പോൾ 2014ൽ ഉണ്ടായിരുന്ന സാഹചര്യമല്ല റാമോസിന് ഇപ്പോഴുണ്ടാവുക. ലയണൽ മെസിയുടെയും നെയ്മറുടെയും കാര്യം അങ്ങിനെ തന്നെയാണ്. ഈ താരങ്ങളെല്ലാം മഹത്തായ നേട്ടങ്ങൾ സ്വന്തമാക്കിയ ചാമ്പ്യന്മാരാണ്. എന്നാൽ അവർ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ തയ്യാറാകണം," മൂവീസ്റ്റാറിന്റെ 'യൂണിവേഴ്സോ വാൾഡാനോ' പരിപാടിയിൽ സംസാരിക്കുമ്പോൾ പോച്ചട്ടിനോ പറഞ്ഞു.
"നമ്മൾ ഏറ്റവും മികച്ചതാണെന്ന ചിന്ത നമ്മുടെയെല്ലാം ഉള്ളിൽ ഉണ്ടായിരിക്കും, എന്നാൽ ആ തലത്തിലേക്ക് അവരെല്ലാവരും വീണ്ടും എത്തേണ്ടതുണ്ട്. അതിലേക്ക് എത്താൻ കഴിഞ്ഞാൽ തീർച്ചയായും എന്തെങ്കിലും നേടാൻ നമുക്ക് കഴിയും. എന്നാൽ ഏറ്റവും മികച്ചതിനായി ഓരോ വ്യക്തിയും പോരാട്ടം ആരംഭിക്കുന്നത് ഓർക്കസ്ട്രക്ക് യോജിച്ച ട്യൂണിലായിരിക്കണം," പോച്ചട്ടിനോ വ്യക്തമാക്കി.
റാമോസിന് ഇതുവരെയും കളത്തിലിറങ്ങാൻ കഴിയാത്തപ്പോൾ നിരവധി മത്സരങ്ങൾ കളിച്ച മെസി, നെയ്മർ എന്നിവർക്ക് ഇതുവരെയും അവരുടെ മികച്ച പ്രകടനം ഈ സീസണിൽ നടത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രൊഫെഷണൽ മനോഭാവമുള്ള ഈ താരങ്ങൾ പിഎസ്ജി ടീമിനൊപ്പം ഇണങ്ങിച്ചേർന്നു താളം കണ്ടെത്തുമെന്നു തന്നെയാണ് പോച്ചട്ടിനോയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.