ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപ് പോച്ചട്ടിനോയെ കൂക്കി വിളിച്ച് പിഎസ്ജി ആരാധകർ


പിഎസ്ജിയും സെയിന്റ് എറ്റിയെന്നെയും തമ്മിൽ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിനു മുൻപ് മൗറീസിയോ പോച്ചട്ടിനോക്കു നേരെ പിഎസ്ജി ആരാധകരുടെ പ്രതിഷേധം. അർജന്റീനിയൻ പരിശീലകൻ ഈ സീസണു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കോ റയൽ മാഡ്രിഡിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ആരാധകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്.
ഈ സീസണിൽ പോച്ചട്ടിനോയുടെ കീഴിൽ പിഎസ്ജി സ്ഥിരത പ്രകടിപ്പിക്കുന്നില്ലെങ്കിലും റയൽ മാഡ്രിഡുമായി നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടിയ ആധികാരിക ജയം ആരാധകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. എന്നാൽ അതിനു പിന്നാലെ പോച്ചട്ടിനോ അടുത്ത സമ്മറിൽ ക്ലബ് വിടുമെന്ന വാർത്ത വന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ പേര് സ്റ്റേഡിയത്തിൽ അന്നൗൻസ് ചെയ്തപ്പോൾ കൂക്കി വിളിച്ചാണ് ഒരു വിഭാഗം ആരാധകർ അതിനെ സ്വീകരിച്ചതെന്ന് മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ് പറയുന്നു.
Mauricio Pochettino booed by PSG fans amid Manchester United manager links #mufc https://t.co/UtahNioOcZ
— Man United News (@ManUtdMEN) February 26, 2022
അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ആധികാരികമായ ജയമാണ് പിഎസ്ജി നേടിയത്. കിലിയൻ എംബാപ്പെ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ എംബാപ്പയുടെ രണ്ടു ഗോളുകൾക്കും അസിസ്റ്റ് നൽകി ലയണൽ മെസിയും തിളക്കമാർന്ന പ്രകടനം നടത്തി. ഇതോടെ ഈ സീസണിൽ എംബാപ്പെ ഫ്രഞ്ച് ലീഗിൽ പതിനാലു ഗോളുകൾ നേടിയപ്പോൾ മെസി പത്താമത്തെ അസിസ്റ്റ് ആണ് ലീഗിൽ കുറിക്കുന്നത്.
ഡാനിലോ പെരേരയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതോടെ ലീഗിലെ ഒന്നാം സ്ഥാനത്തിന് യാതൊരു ഭീഷണിയും ഇല്ലെന്ന അവസ്ഥയിൽ തന്നെ തുടരുകയാണ് പിഎസ്ജി. ഇരുപത്തിയാറു മത്സരങ്ങളിൽ നിന്നും പിഎസ്ജിക്ക് അറുപത്തിരണ്ടു പോയിന്റുള്ളപ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 46 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള നീസിനുള്ളത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.