Football in Malayalam

പിഎസ്‌ജി വിടാനനുവദിക്കണമെന്ന അഭ്യർത്ഥനയുമായി പോച്ചട്ടിനോ, ലക്ഷ്യം റയൽ മാഡ്രിഡെന്നു സൂചനകൾ

Sreejith N
FBL-FRA-CUP-PSG-PRESSER
FBL-FRA-CUP-PSG-PRESSER / ANNE-CHRISTINE POUJOULAT/Getty Images
facebooktwitterreddit

പിഎസ്‌ജി പരിശീലകസ്ഥാനം ഏറ്റെടുത്ത് മാസങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും ക്ലബ് വിടാനനുവദിക്കണമെന്ന അഭ്യർത്ഥന മൗറീസിയോ പോച്ചട്ടിനോ നടത്തിയെന്നു റിപ്പോർട്ടുകൾ. സിദാനു പകരക്കാരനായി റയൽ മാഡ്രിഡ് പരിഗണിക്കുന്ന പരിശീലകരുടെ പട്ടികയിൽ പ്രഥമസ്ഥാനം പോച്ചട്ടിനോക്കായതു കൊണ്ടാണ് അദ്ദേഹം ഫ്രഞ്ച് ക്ലബ് വിടാനുള്ള താൽപര്യം അറിയിച്ചതെന്ന് ഗോൾ എസ്പാനയുടെ മരിയോ കോർട്ടഗാനയാണു റിപ്പോർട്ടു ചെയ്‌തത്‌.

റയൽ മാഡ്രിഡിന്റെ പരിശീലകനാവുകയെന്നത് തന്റെ സ്വപ്‌നമാണെന്ന്‌ നേരത്തെ തന്നെ പരസ്യമായി വെളിപ്പെടുത്തിയിട്ടുള്ള പരിശീലകനാണ് പോച്ചട്ടിനോ. പിഎസ്‌ജിക്കൊപ്പം ഈ സീസണിൽ രണ്ടു കിരീടങ്ങൾ സ്വന്തമാക്കിയ പോച്ചട്ടിനോക്ക് റയൽ മാഡ്രിഡിന്റെ ഓഫർ വന്നാൽ അതു വേണ്ടെന്നു വെക്കാൻ കഴിയില്ല. എന്നാൽ പിഎസ്‌ജിയുമായുള്ള കരാറിൽ ഒരു വർഷം കൂടി ബാക്കിയുള്ള അർജന്റീനിയൻ പരിശീലകന്റെ ഭാവിയെ സംബന്ധിച്ച് അവസാന തീരുമാനം എടുക്കേണ്ടത് ഫ്രഞ്ച് ക്ലബ് തന്നെയാണ്.

പിഎസ്‌ജിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി പോച്ചട്ടിനോയെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ റയൽ മാഡ്രിഡിന് യാതൊരു ഉദ്ദേശവുമില്ല. ഖത്തർ സ്റ്റേറ്റ് ഫ്രഞ്ച് ക്ലബ്ബിനെ ഏറ്റെടുത്തതു മുതൽ അവരുമായുള്ള റയൽ മാഡ്രിഡിന്റെ ഇടപെടൽ വളരെ ശ്രദ്ധാപൂർവമാണ്. ഈ സമ്മറിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള സാധ്യതയുമുള്ളതിനാൽ അർജന്റീനിയൻ പരിശീലകന്റെ കാര്യത്തിൽ വളരെ ശ്രദ്ധാപൂർവമാണ് റയൽ നീങ്ങുന്നത്.

അതേസമയം റയൽ മാഡ്രിഡ് അടുത്ത സീസണിലേക്ക് പരിശീലകരായി പരിഗണിക്കുന്നവരുടെ പട്ടികയിൽ റൗൾ, കൊണ്ടേ എന്നിവരുമുണ്ടെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുള്ള പോച്ചട്ടിനോ, പിഎസ്‌ജി വിടാൻ കഴിവിന്റെ പരമാവധി ശ്രമിക്കാൻ തന്നെയാണ് സാധ്യത.

റയൽ മാഡ്രിഡിനു പുറമെ മുൻ ക്ലബായ ടോട്ടനം ഹോട്സ്‌പറും പോച്ചട്ടിനോക്ക് വേണ്ടി രംഗത്തുണ്ട്. അർജന്റീനിയൻ പരിശീലകനു താൽപര്യം റയൽ മാഡ്രിഡിനോടാണെങ്കിലും ട്രാൻസ്‌ഫർ അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകി അദ്ദേഹത്തെ തിരിച്ചെത്തിക്കാനാണ് സ്‌പർസ് ശ്രമിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും പോച്ചട്ടിനോ തിരിച്ചു വരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും സ്പർസ്‌ വിശ്വസിക്കുന്നു.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം ഫോളോ ചെയ്യൂ.

facebooktwitterreddit