അനുയോജ്യമായ കരാർ പുതുക്കൽ വാഗ്ദാനം ലഭിച്ചില്ലെങ്കിൽ ഡി ലൈറ്റ് യുവന്റസ് വിടാൻ ശ്രമിച്ചേക്കും


ഡച്ച് പ്രതിരോധനിര താരം മത്തിയാസ് ഡി ലൈറ്റ് യുവന്റസ് വിടാൻ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് 90min മനസിലാക്കുന്നു. ക്ലബ് വിടണമെന്ന ആവശ്യം ഡി ലൈറ്റ് ഇത് വരെ ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ലെങ്കിലും, തനിക്ക് സ്വീകാര്യമായ കരാർ പുതുക്കൽ വാഗ്ദാനം ലഭിച്ചില്ലെങ്കിൽ താരം ക്ലബ് വിടാനുള്ള ശ്രമങ്ങൾ നടത്തിയേക്കും.
2019ൽ അയാക്സിൽ നിന്നും 5 വർഷത്തെ കരാറിൽ യുവന്റസിലേക്ക് ചേക്കേറിയ താരത്തിനു ഇറ്റാലിയൻ ക്ലബുമായി 2 വർഷം കൂടി കരാറുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ നിര്യാതനായ ഏജന്റ് മിനോ റയോളക്ക് പകരം നിലവിൽ അദ്ദേഹത്തിന്റെ അഭിഭാഷകനായ റഫേല പിമെന്റയാണ് താരത്തിന് വേണ്ടി യുവന്റസുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ നടത്തുന്നത്.
മിനോ റയോളയുടെ മറ്റൊരു കക്ഷി ആയ പോൾ പോഗ്ബയെയും പ്രതിനിധീകരിക്കുന്ന പിമെന്റ, താരം യുവന്റസിലേക്ക് തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ക്ലബുമായി അടുത്തിടെ നടന്ന ഒരു ചർച്ചയിൽ ധാരണയിലെത്തിയിരുന്നു. ഈ ചർച്ചയിൽ ഡി ലൈറ്റിന് പുതിയ കരാർ നൽകുന്നതും സംസാരവിഷയമായിരുന്നു.
എന്നാൽ ഡി ലൈറ്റിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ യുവന്റസ് നേതൃത്വത്തിലെ ചില അംഗങ്ങൾ തയ്യാറായില്ല. യുവന്റസ് അനുയോജ്യമായ ഓഫർ നൽകിയില്ലെങ്കിൽ ഡി ലൈറ്റ് ക്ലബ്ബ് വിടാനുള്ള നീക്കം നടത്തുമെന്ന് പിമെന്റ വ്യക്തമാക്കിയതായും 90min മനസിലാക്കുന്നു. എന്നാൽ, പ്രതിരോധതാരം ജോർജിയോ കില്ലിനി അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയതോടെ ഡി ലിറ്റിനെ നിലനിർത്താനുള്ള ശ്രമങ്ങളാണ് യുവന്റസ് നടത്തുന്നത്.
അന്റോണിയോ റുഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ക്ലബ്ബ് വിട്ടതോടെ പകരക്കാരനായി ചെൽസിയും ഡി ലിറ്റിനെ പരിഗണിക്കുന്നുണ്ട്. ചെൽസിയെക്കൂടാതെ മാഞ്ചസ്റ്റർ ക്ലബ്ബുകളും താരത്തിന്റെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.