ലെവൻഡോസ്‌കിക്ക് അനുയോജ്യനായ പകരക്കാരൻ ലുക്കാക്കു മാത്രമെന്ന് ബയേൺ ഇതിഹാസം ലോതർ മത്തേവൂസ്
By Sreejith N

റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിടുന്ന സാഹചര്യത്തിൽ അതിന് അനുയോജ്യനായ പകരക്കാരനാവാൻ നിലവിൽ കഴിയുക ചെൽസി താരം റൊമേലു ലുക്കാക്കുവിനു മാത്രമെന്ന് ബയേണിന്റെയും ജർമനിയുടെയും ഇതിഹാസതാരമായ ലോതർ മത്തേവൂസ്. ലിവർപൂൾ താരം സാഡിയോ മാനെ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറുന്നത് ക്ലബിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിരവധി വർഷങ്ങളായി ബയേൺ മ്യൂണിക്കിനൊപ്പമുള്ള റോബർട്ട് ലെവൻഡോസ്‌കി ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ സമ്മറിൽ ഇന്ററിൽ നിന്നും ചെൽസി സ്വന്തമാക്കിയ ലുക്കാക്കുവും ഇംഗ്ലീഷ് ക്ലബ് വിടാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലുക്കാക്കുവാണ് ലെവൻഡോസ്‌കിക്ക് പകരക്കാരനെന്ന് മത്തേവൂസ് പറഞ്ഞത്.
"ലുക്കാക്കു മാത്രമാണ് ഒരേയൊരു പകരക്കാരാണെന്നാണ് എനിക്കു തോന്നുന്നത്. നഗൽസ്‌മാൻ ഒരു ഗ്വാർഡിയോളയായി മാറി, ബയേൺ മൂന്ന് മുന്നേറ്റനിര താരങ്ങളെ വെച്ച് ഒരു സ്‌ട്രൈക്കറില്ലാതെ കളിക്കും. നിങ്ങളിവിടെ ബയേണിന്റെ ശൈലിയിൽ നിന്നും മാറി പുതിയത് അവലംബിക്കുകയാണ്. കാരണം എല്ലായിപ്പോഴും ബയേണിൽ ഒരു മികച്ച നമ്പർ 9 ഉണ്ടായിരുന്നു."
"യെർദ് മുള്ളർ, ജിയോവാനി എൽബിർ, ക്ലൗഡിയോ പിസാറോ, മിറോസ്ലാവ് ക്ലോസെ, മരിയോ ഗോമസ്, ലെവൻഡോസ്‌കി തുടങ്ങി നിരവധി പേരുണ്ട്. റോബർട്ട് ക്ലബിനൊപ്പം തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങിനെയാണെങ്കിൽ ഈ മുന്നേറ്റനിരയുമായി ബയേണിന് ചാമ്പ്യൻസ് ലീഗിൽ പൊരുതാം." സ്കൈ സ്പോർട്സ് ജർമനിയുടെ കോളത്തിൽ മത്തേവൂസ് എഴുതി.
സാഡിയോ മാനേയെ സ്വന്തമാക്കിയത് ബയേൺ മ്യൂണിക്കിന് മാത്രമല്ല, ബുണ്ടസ്‌ലീഗക്ക് തന്നെ വലിയ ഗുണം ചെയ്യുമെന്നും അതുപോലൊരു താരം ലീഗിലെത്തുന്നത് വലിയ കാര്യമാണെന്നും മാത്തേവൂസ് പറഞ്ഞു. ഒരു മികച്ച കളിക്കാരനും സെനഗലിന്റെ ഫുട്ബോൾ അംബാസിഡറുമായ താരം ബയേൺ ജേഴ്‌സി അണിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.