എംബാപ്പക്കൊപ്പം റയൽ മാഡ്രിഡിൽ തിളങ്ങാൻ ഹാലൻഡിനാവും, ലെവൻഡോസ്കിയുള്ളപ്പോൾ ഹാലൻഡിനെ സ്വന്തമാക്കില്ലെന്നും മത്തേവൂസ്


കെയ്ലിയൻ എംബാപ്പക്കൊപ്പം റയൽ മാഡ്രിഡിൽ തിളങ്ങാൻ എർലിങ് ഹാലൻഡിനു കഴിയുമെന്ന് ബയേൺ മ്യൂണിക്ക് ഇതിഹാസം ലോതർ മത്തേവൂസ്. ഫ്രീബർഗിനെതിരായ ബയേൺ മ്യൂണിക്കിന്റെ ബുണ്ടസ്ലിഗ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ റയൽ മാഡ്രിഡിന്റെ ഈ സീസണിലെ ഫോമിനെക്കുറിച്ചും ഹാലൻഡ് ബയേൺ മ്യൂണിക്കിൽ എത്താനുള്ള സാധ്യതകളെക്കുറിച്ചും മത്തേവൂസ് സംസാരിച്ചു.
ഈ സീസണിൽ റയൽ മാഡ്രിഡിന്റെ പ്രകടനം മികച്ചതാണെന്ന അഭിപ്രായം മത്തേവൂസിനില്ല. നായകനായിരുന്ന സെർജിയോ റാമോസിന്റെ അഭാവം റയൽ മാഡ്രിഡിനെ ബാധിച്ചിട്ടുണ്ടെന്നും അതിനു പകരക്കാരനായി ബയേൺ മ്യൂണിക്കിൽ നിന്നുമെത്തിയ ഡേവിഡ് അലബക്ക് ആ അഭാവം പരിഹരിക്കാൻ കഴിയില്ലെന്നും മാത്തേവൂസ് വ്യക്തമാക്കി.
He says Real Madrid would be a better fit than Bayern Munich ?https://t.co/gUfsO0bML4
— MARCA in English (@MARCAinENGLISH) November 7, 2021
"റയൽ മാഡ്രിഡിന് റാമോസില്ലാത്തതിനാൽ അവരുടെ വ്യക്തിത്വം നഷ്ടമായി. അലബയൊരു മികച്ച കളിക്കാരനാണ്, എന്നാൽ റാമോസിനുള്ളതു പോലെയൊരു വ്യക്തിത്വം താരത്തിനില്ല. റാമോസിനെപ്പോലെ അലബയൊരു ലീഡറുമല്ല." മത്തേവൂസ് പറഞ്ഞു. ഹാലൻഡ് ബയേണിലെത്താനുള്ള സാധ്യതകളെപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.
"ലെവൻഡോസ്കിക്ക് ശേഷം ഹാലാൻഡ് ബയേൺ മ്യൂണിക്കിൽ എത്തിയേക്കാം. എന്നാൽ ലെവൻഡോസ്കിക്കൊപ്പം അത് സംഭവിച്ചേക്കില്ല. ഹലാൻഡിനു എംബാപ്പക്കൊപ്പം റയൽ മാഡ്രിഡിൽ ഒത്തൊരുമിച്ചു കളിക്കാൻ കഴിയും." മത്തേവൂസ് വ്യക്തമാക്കി.
ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണെന്നും മത്തേവൂസ് വ്യക്തമാക്കി. ചെൽസി, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ബയേൺ മ്യൂണിക്ക് എന്നിവർക്കാണ് അതിനുള്ള സാധ്യതയെന്നും ബാഴ്സലോണ, അത്ലറ്റികോ മാഡ്രിഡ് എന്നീ ടീമുകൾ ലിവർപൂളിനെയോ സിറ്റിയെയോ പോലെ മികച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.