അർജന്റീനയാണ് 2014 ലോകകപ്പ് വിജയിക്കേണ്ടിയിരുന്നതെന്ന് ജർമൻ ഇതിഹാസം ലോതർ മത്തേവൂസ്
By Sreejith N

2014 ലോകകകിരീടം വിജയിക്കേണ്ടിയിരുന്ന ടീം അർജന്റീന ആയിരുന്നുവെന്ന് ജർമൻ ഇതിഹാസം ലോതർ മത്തേവൂസ്. ഫൈനലിൽ അർജന്റീന മുന്നേറ്റനിര താരം ഗോൺസാലോ ഹിഗ്വയ്‌നെ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ ഫൗൾ ചെയ്‌തതിന് അർഹിച്ച പെനാൽറ്റി റഫറി നൽകാതിരുന്നത് ജർമനിക്ക് ഗുണം ചെയ്‌തുവെന്നാണ് മത്തേവൂസ് പറയുന്നത്.
ബ്രസീലിൽ വെച്ചു നടന്ന 2014 ലോകകപ്പിൽ അർജന്റീനയും ജർമനിയുമാണ് ഫൈനലിൽ ഏറ്റു മുട്ടിയത്. അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ മരിയോ ഗോട്സെ നേടിയ ഒരേയൊരു ഗോളിൽ ജർമനി അർജന്റീനയെ തോൽപ്പിച്ച് കിരീടം നേടുകയും ചെയ്‌തു. എന്നാൽ ആ കിരീടം അർജന്റീന വിജയിക്കേണ്ടതായിരുന്നു എന്നാണു തന്റെ ലോകകപ്പ് ഓർമകളെ കുറിച്ച് സംസാരിക്കേ മത്തേവൂസ് പറയുന്നത്.
Lothar Matthäus of Germany: "Argentina should have won the final. The referee should have given them a penalty for the foul by Neuer." This via Infobae. pic.twitter.com/qasEZSLrMh
— Roy Nemer (@RoyNemer) June 17, 2022
"2014ൽ ബ്രസീലിനെതിരെയുള്ള 7-1ന്റെ സെമി ഫൈനൽ വിജയം. ആ ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതായിരുന്നു. ഫൈനലിൽ അർജന്റീനയായിരുന്നു വിജയിക്കേണ്ടിയിരുന്നത്. എന്നാൽ മാനുവൽ ന്യൂയർ നടത്തിയ ഒരു ഫൗളിന് റഫറി പെനാൽറ്റി നൽകിയില്ല. ഞങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു." ഇൻഫോബേയോട് സംസാരിക്കുമ്പോൾ മത്തേവൂസ് പറഞ്ഞു.
ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പ് രാജ്യത്തിൻറെ വലിപ്പം കൊണ്ടു തന്നെ വ്യത്യസ്ഥമായ ഒന്നായിരിക്കുമെന്നും മത്തേവൂസ് പറഞ്ഞു. സ്റ്റേഡിയങ്ങളെല്ലാം മനോഹരമായതാണെന്നും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിശീലകനും ഫെഡറേഷനും ടീമും എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്‌താൽ മാത്രമേ ലോകകപ്പ് വിജയിക്കാൻ ആർക്കായാലും കഴിയൂവെന്നും മത്തേവൂസ് പറയുന്നു. ലോകകപ്പ് ടൂർണ്ണമെന്റിനായി ലീഗ് മത്സരങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നത് പുതിയൊരു അനുഭവമായിരിക്കും നൽകുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.