Football in Malayalam

യൂറോ കപ്പിൽ ജർമനിക്ക് അനുയോജ്യമെന്നു നിർദ്ദേശിച്ച ഇലവനിൽ ക്രൂസില്ല, മറുപടി നൽകി റയൽ മിഡ്‌ഫീൽഡർ

Sreejith N
Jun 11, 2021, 10:49 AM GMT+5:30
Germany v Latvia - International Friendly
Germany v Latvia - International Friendly / Lars Baron/Getty Images
facebooktwitterreddit

ഇത്തവണത്തെ യൂറോ കപ്പിൽ ജർമനിക്ക് ഏറ്റവും അനുയോജ്യമായ സ്റ്റാർട്ടിങ് ഇലവനെ ഇതിഹാസതാരമായ ലോതർ മത്തേയൂസ് തിരഞ്ഞെടുത്തപ്പോൾ റയൽ മാഡ്രിഡ് മിഡ്‌ഫീൽഡർ ടോണി ക്രൂസ് അതിൽ നിന്നും പുറത്തായിരുന്നു. എന്നാൽ അതിനെക്കുറിച്ച് ആശങ്കയില്ലെന്നും ജോക്കിം ലോ തിരഞ്ഞെടുക്കുന്ന ഏറ്റവും അനുയോജ്യമായ ഇലവനിൽ താനുണ്ടോയെന്നു മാത്രമേ ചിന്തിക്കുന്നുള്ളൂവെന്നും ക്രൂസ് ഇതിനു മറുപടിയായി പറഞ്ഞു.

"ജർമനിക്ക് ഇപ്പോൾ തന്നെ ഒന്നോ രണ്ടോ ഫുട്ബോൾ വിദഗ്‌ദരുണ്ട്. മത്സരങ്ങൾ ആരംഭിക്കുന്നതോടെ അതിന്റെ എണ്ണം ഇനിയും വർധിക്കും. എല്ലാവരും നിർദ്ദേശിക്കുന്ന, ടീമിന് അനുയോജ്യമായ ഇലവൻ ഏതാണെന്നു ഞാൻ ശ്രദ്ധിക്കാൻ പോയാൽ അതു മടുപ്പുണ്ടാക്കും. പതിനൊന്നു വർഷമായി ഞാൻ ടീമിനൊപ്പമുണ്ട്, ടീമിന്റെ ലൈനപ്പ് തിരഞ്ഞെടുക്കുന്നതും ഞാനല്ല."

"നിരവധി മികച്ച മിഡ്‌ഫീൽഡ് താരങ്ങൾ ഇപ്പോൾ ടീമിനൊപ്പമുള്ളത് സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ അതെപ്പോഴും അങ്ങിനെയാകാറില്ല. എല്ലാവർക്കും അവരവരുടേതായ യൂറോ ടീമിനെ തിരഞ്ഞെടുക്കാം. എന്നാൽ ടീമിനെന്തു നൽകാൻ കഴിയുമെന്ന കാര്യത്തിൽ എനിക്ക് വ്യക്തമായ ധാരണയുണ്ട്." ഒരു ജർമൻ പോഡ്‌കാസ്റ്റിനിടെ ക്രൂസ് പറഞ്ഞത് മാർക്ക റിപ്പോർട്ടു ചെയ്‌തു.

ഫ്രാൻസിനെതിരായ മത്സരത്തിൽ അണിനിരത്തേണ്ട ഇലവനെയാണ് ലോതർ മത്തേയൂസ് നിർദേശിച്ചിരുന്നത്. മാനുവൽ ന്യൂയർ, ലൂക്കാസ് ക്ളോസ്റ്റർമാൻ, റുഡിഗർ, ഹമ്മൽസ്, ഹാൾസ്റ്റൻബർഗ്, ഗോരേട്സ്ക, കിമ്മിച്ച്, മുള്ളർ, ഗ്നാബ്രി, സാനെ, വെർണർ എന്നീ താരങ്ങളുൾപ്പെടുന്നതായിരുന്നു ജർമൻ ഇതിഹാസത്തിന്റെ ആദ്യ ഇലവൻ.

അതേസമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫുട്ബോൾ ലോകത്ത് തങ്ങളുടെ അപ്രമാദിത്വം നഷ്‌ടമായത്‌ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ജർമനി. യൂറോ കപ്പിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പിൽ പോരാട്ടത്തിനിറങ്ങുമ്പോൾ അടുത്ത വർഷം ലോകകപ്പിന് മുൻപ് ടീമിന് ആത്മവിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കുകയെന്നതും അവർ ലക്‌ഷ്യം വെക്കുന്നു.

facebooktwitterreddit