Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ & ഡുസാൻ വ്ളാഹോവിച്ച് താരതമ്യങ്ങളെ കുറിച്ച് മാസിമിലിയാനോ അല്ലെഗ്രി

Haroon Rasheed
Juventus' current & former no.7s
Juventus' current & former no.7s / Gabriele Maltinti/Clive Brunskill/Getty Images
facebooktwitterreddit

യുവന്റസിന്റെ മുന്‍ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പുതുതായി ടീമിലെത്തിച്ച സെര്‍ബിയന്‍ താരം ഡുസാന്‍ വ്ളാഹോവിച്ചും തമ്മിലുള്ള താരതമ്യങ്ങളെ കുറിച്ച് പ്രതികരിച്ച് ഇറ്റാലിയൻ ക്ലബിന്റെ പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രി. കഴിഞ്ഞ ദിവസം സീരീ എയില്‍ നടന്ന എംപോളിക്കെതിരെയുള്ള 3-2ന്റെ വിജയത്തിന് ശേഷം ഡി.എ.ഇസഡ്.എനിനോട് സംസാരിക്കുകയായിരുന്നു അല്ലെഗ്രി

"നിങ്ങള്‍ക്ക് അവരെ താരതമ്യപ്പെടുത്താന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, മുന്‍പ് ഏഴാം നമ്പര്‍ ധരിച്ചയാള്‍ അഞ്ച് തവണ ബാലന്‍ ഡി ഓര്‍ നേടിയ ആളാണ്. ഒരു നല്ല കളി മതിയാവില്ല, നിങ്ങൾക്ക് അപാരമായ മാനസിക ശക്തി ആവശ്യമാണ്. അവൻ അവന്റെ യാത്രയുടെ തുടക്കത്തിലാണ്," അല്ലെഗ്രി പറഞ്ഞു.

"വ്‌ളഹോവിച്ച് പ്രധാന കളിക്കാരനാണ്, അദ്ദേഹത്തിന് ക്യാരക്ടറും ഗുണനിലവാരവുമുണ്ട്. കൂടാതെ ടീമില്‍ ഞങ്ങള്‍ക്ക് ഇല്ലാതിരുന്ന തരത്തിലുള്ള സ്വഭാവസവിശേഷതകളും ഉണ്ട്," അല്ലെഗ്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് യുവന്റസ് വ്ളാഹോവിച്ചിനെ സ്വന്തമാക്കിയത്. വ്ളാഹോവിച്ചിന് റൊണാൾഡോ ധരിച്ചിരുന്ന ഏഴാം നമ്പര്‍ ജഴ്‌സിയാണ് യുവന്റസ് നല്‍കിയിരിക്കുന്നത്. 62.8 മില്യന്‍ യൂറോക്ക് യുവന്റസിലെത്തിയ വ്ളാഹോവിച്ച് ഇതിനോടകം തന്നെ യുവന്റസിന് വേണ്ടി നാലു ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ സീരീ എയില്‍ 20 ഗോളുകള്‍ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോ ക്ലബ് വിട്ടതിന് ശേഷം ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന യുവന്റസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. 27 മത്സരത്തില്‍ നിന്ന് 50 പോയിന്റുള്ള യുവന്റസ് സീരി എ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. മാര്‍ച്ച് ആറിന് സ്‌പെസിയക്ക് എതിരേയാണ് യുവന്റസിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit