Champions League

റയലിനെ നേരിടാനിരിക്കെ ടീമിലെ ഏറ്റവും പ്രധാന താരത്തിന്റെ പരിക്കിൽ ആശങ്കയോടെ ചെൽസി

Sreejith N
Southampton v Chelsea - Premier League
Southampton v Chelsea - Premier League / Michael Steele/Getty Images
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങി നിൽക്കെ ചെൽസി ടീമിലെ സൂപ്പർതാരമായ മേസൺ മൗണ്ട് കളിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. ഫുൾഹാമിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ പന്തിനു വേണ്ടി ചാടുന്നതിനിടെ വീണ് പരിക്കേറ്റ താരത്തെ ടുഷെൽ ഉടനെത്തന്നെ പിൻവലിച്ചിരുന്നു.

ഈ സീസണിൽ ചെൽസിയെ പരിശീലിപ്പിച്ച ലംപാർഡിനും ടുഷെലിനും കീഴിൽ സ്ഥിര സാന്നിധ്യമായ മൗണ്ട് മികച്ച പ്രകടനമാണ് ടീമിനു വേണ്ടി നടത്തുന്നത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് ഫുൾഹാമിനെതിരെ പിൻവലിച്ചതെന്ന് പരിശീലകൻ ടുഷെൽ വ്യക്തമാക്കിയെങ്കിലും മൗണ്ട് റയലിനെതിരെ ഇറങ്ങുന്ന കാര്യത്തിൽ അദ്ദേഹം ഉറപ്പു പറയുകയും ചെയ്‌തില്ല.

ഡോക്ടറുടെയോ ഫിസിയോയുടെയോ നിർദ്ദേശമില്ലാതെയാണ് താൻ മൗണ്ടിനെ ഫുൾഹാമിനെതിരായ മത്സരത്തിൽ നിന്നും പിൻവലിച്ചതെന്നും അത് പൂർണമായും മുൻകരുതലിന്റെ ഭാഗമായിരുന്നുവെന്നും ടുഷെൽ മത്സരത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. പന്തിനു വേണ്ടി ചാടി നിലത്തു വീണ താരം അസ്വസ്ഥത കാണിച്ചതാണ് പിൻവലിക്കാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

റയലിനെതിരെ മൗണ്ട് കളിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച ടുഷെൽ ടീമിൽ താരം ചെലുത്തുന്ന സ്വാധീനത്തെ പ്രശംസിക്കുകയും ചെയ്‌തിരുന്നു. മികച്ച കഴിവും മനോഭാവവും കായികപരമായ ഗുണങ്ങളുമുള്ള മൗണ്ട് എല്ലാം തികഞ്ഞ പാക്കേജാണെന്നാണ് ടുഷെൽ പറയുന്നത്. താരത്തെ പരിശീലിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുപത്തിരണ്ടുകാരനായ മേസൺ മൗണ്ട് ഈ സീസണിൽ ചെൽസിക്ക് വേണ്ടി പതിനാറു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. ഇരുപത്തിനാലു ഗോളുകളിൽ പങ്കാളിയായ ടിമോ വെർണർ മാത്രമാണ് മൗണ്ടിന്റെ മുന്നിൽ നിൽക്കുന്നത്. ഒന്നൊഴികെ ഈ സീസണിൽ എല്ലാ പ്രീമിയർ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഒരിക്കൽ ചെൽസിയെ നയിക്കുകയും ചെയ്‌തിട്ടുണ്ട്‌.


facebooktwitterreddit