ബാലൺ ഡി'ഓർ അന്തിമപ്പട്ടികയിൽ ഇടം നേടുന്നത് ഒരു 'സ്വപ്നമായിരുന്നെന്ന്' മേസൺ മൗണ്ട്

ബാലൺ ഡി'ഓർ പുരസ്കാരത്തിന് നോമിനേഷൻ ലഭിക്കുക എന്നത് ഒരു 'സ്വപ്നമായിരുന്നെന്ന്' ചെൽസിയുടെയും ഇംഗ്ലണ്ടിന്റെയും മധ്യനിരതാരമായ മേസൺ മൗണ്ട്. 2021 ബാലൺ ഡി'ഓറിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടിയ 30 താരങ്ങളിൽ ഒരാളാണ് മൗണ്ട്.
ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ വലിയ പങ്ക് വഹിച്ച മൗണ്ട്, യൂറോ 2020ൽ റണ്ണേഴ്സ്-അപ്പ് ആയ ഇംഗ്ലണ്ടിന് വേണ്ടിയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 22കാരനായ താരം നിലവിൽ ചെൽസിയുടെയും, ഇംഗ്ലണ്ടിന്റെയും ഏറ്റവും സുപ്രധാന താരങ്ങളിൽ ഒരാളാണ്.
"മറ്റെല്ലാവരെയും പോലെ ഞാനും അപ്പോൾ തന്നെയാണ് അറിഞ്ഞത്. അത് കാണാനും, (ചുരുക്കപ്പട്ടികയിലെ) പേരുകൾ കാണാനും... തീർച്ചയായും അതൊരു സ്വപ്നമായിരുന്നു," മൗണ്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2001ൽ മൈക്കൾ ഓവൻ നേടിയതിന് ശേഷം ആദ്യമായി ബാലൺ ഡി'ഓർ നേടുന്ന ഇംഗ്ലീഷ് താരമാകാനുള്ള സാധ്യതയെ പറ്റി ചോദിച്ചപ്പോൾ, "എനിക്ക് സംശയമുണ്ട്, എന്നിരിന്നാലും വിജയ സാധ്യത തള്ളിക്കളയാനാകില്ല," എന്നായിരുന്നു മൗണ്ടിന്റെ മറുപടി
ചെൽസിയിൽ നിന്ന് മൗണ്ടിന് പുറമെ എൻ'ഗോളോ കാന്റെ, ജോർജിനോ, സെസാർ അസ്പ്ലിക്യൂറ്റ, റൊമേലു ലുക്കാക്കു എന്നിവരും 30-അംഗ അന്തിമപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
അതേ സമയം, ഇത്തവണ ബാലൺ ഡി'ഓർ നേടാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന പേരുകൾ ലയണൽ മെസ്സിയുടെയും, റോബെർട്ട് ലെവൻഡോസ്കിയുടെയും, മൗണ്ടിന്റെ ചെൽസി സഹതാരമായ ജോർജിനോയുടെയുമാണ്. കെവിൻ ഡി ബ്രൂയ്ൻ, കാന്റെ, കരിം ബെൻസീമ എന്നിവരുടെ വിജയ സാധ്യതയും തള്ളിക്കളയാനാകില്ല.