മേസൺ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

പെൺസുഹൃത്തിനെ ആക്രമിച്ചെന്ന ആരോപണം നേടിരുന്ന മേസൺ ഗ്രീന്വുഡിനെതിരേ കൂടുതല്‍ നടപടികളുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗ്രീന്‍വുഡ് മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം പരിശീലിക്കുകയോ കളിക്കുകയോ ഇല്ലെന്ന് ക്ലബ് പ്രസ്താവനയിലൂടെ അറിയിച്ചതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ ഗ്രീൻവുഡിന്റെ പെൺ സുഹൃത്തായ ഹാരിയറ്റ് റോബ്സൺ താരത്തിന്റെ അക്രമത്തെ കുറിച്ചുള്ള ആരോപണങ്ങൾ നടത്തിയത്. ഗ്രീൻവുഡ് എന്നോട് ചെയ്തത് കാണൂ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ചിത്രങ്ങളിൽ അവർ മുഖം പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ പാടുകളും കാണാമായിരുന്നു.
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയും താരത്തിനെതിരെ വിമർശനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ തങ്ങൾ യാതൊരു തരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
"സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങളെപ്പറ്റിയും ചിത്രങ്ങളെ കുറിച്ചും ഞങ്ങൾക്കു ബോധ്യമുണ്ട്. വസ്തുതകൾ സ്ഥാപിക്കപ്പെടും വരെ ഞങ്ങൾ കൂടുതൽ അഭിപ്രായം പറയാനില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് യാതൊരു തരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്നില്ല," യുണൈറ്റഡ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താരത്തെ സസ്പെൻഡ് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചത്. "ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മേസൺ ഗ്രീൻവുഡ് പരിശീലനത്തിലേക്കോ മത്സരങ്ങൾ കളിക്കുന്നതിനോ മടങ്ങിവരില്ല," യുണൈറ്റഡ് പ്രസ്താവനയിൽ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ നിജസ്ഥിതി അന്വേഷിക്കുന്ന ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പോലീസ്, അന്വേഷണത്തിന്റെ ഭാഗമായി 20കളിൽ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ദി ഗാർഡിയൻ അധികൃതര്‍ ഗ്രീന്‍വുഡിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെയും താരം പ്രതികരിച്ചിട്ടില്ലെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബ്രെന്റ്ഫോര്‍ഡില്‍ നിന്നുള്ള 20കാരനായ ഗ്രീന്‍വുഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 129 മത്സരങ്ങള്‍ കളിച്ച താരമാണ്. യുണൈറ്റഡിന്റെ മുന്നേറ്റത്തിലെ പ്രധാന താരമായ ഗ്രീന്‍വുഡ് ഈ സീസണില്‍ 24 മത്സരത്തില്‍ ചുവന്ന ചെകുത്താന്മാര്ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.