മെസി, റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചത്? മേസൺ ഗ്രീൻവുഡിന്റെ ഉത്തരം ഇങ്ങനെ...

നിലവിൽ ലോകത്തെ ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങളാണ് അർജന്റീനയുടെ ലയണൽ മെസിയും, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും. ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളായി കണക്കാക്കപ്പെടുന്നവരിലുള്ള ഈ രണ്ട് പേരും കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഫുട്ബോളിൽ മിന്നിത്തിളങ്ങി നിൽക്കുകയാണ്.
രണ്ട് പേരും ഒന്നിനൊന്ന് മികച്ച കളികാരാണെങ്കിലും ഇവരിൽ ആരാണ് കൂടുതൽ മികച്ചതെന്ന ചോദ്യം പലപ്പോളും ഫുട്ബോൾ ലോകത്ത് ഉയരാറുണ്ട്. പലർക്കും വ്യത്യസ്തമായ ഉത്തരമാണ് ഇതിനുള്ളതും. ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു ചോദ്യോത്തര വേളയിൽ പങ്കെടുക്കവെ ഇംഗ്ലീഷ് യുവ താരം മേസൺ ഗ്രീൻവുഡിനും ഇതേ ചോദ്യം നേരിടേണ്ടി വന്നു. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരിൽ ആരാണ് മികച്ചത് എന്ന ചോദ്യത്തിന് അർജന്റൈൻ നായകനായ മെസിയുടെ പേരായിരുന്നു ഗ്രീൻവുഡ് മറുപടി നൽകിയത്. മെസി മറ്റൊരു ഗ്രഹത്തിൽ നിന്നുള്ള താരമാണെന്ന് ചൂണ്ടിക്കാട്ടിയ ഗ്രീൻവുഡ്, തന്നെ സംബന്ധിച്ചിടത്തോളം മെസിയാണ് എല്ലായ്പ്പോളും മികച്ചത് എന്നും വ്യക്തമാക്കി.
"എന്നെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോളും അത് (ഏറ്റവും മികച്ച താരം) മെസിയാണ്. അദ്ദേഹം മറ്റൊരു ഗ്രഹത്തിലാണ്. റൊണാൾഡോയും അതിശയകരമാണ്. ശാരീരിക മികവുള്ള, ഒരു മികച്ച അത്ലറ്റിക്ക് ഫുട്ബോളർ. എന്നാൽ മെസി തന്റെ വലുപ്പം വെച്ച് ചെയ്യുന്നത്, ബാഴ്സലോണക്ക് വേണ്ടി അദ്ദേഹം ചെയ്തതും, അർജന്റീനക്ക് വേണ്ടി കോപ്പ അമേരിക്ക ട്രോഫി ജയിച്ചതും വെച്ച് നോക്കുമ്പോൾ അദ്ദേഹം മറ്റൊരു തലത്തിലാണ്." ഗ്രീൻവുഡ് പറഞ്ഞു.
Mason Greenwood weighs in on the Messi/Ronaldo debate ?? pic.twitter.com/Fy1AJcX7qG
— Goal (@goal) July 22, 2021
അതേ സമയം മുപ്പത്തിയാറ് വയസ് പിന്നിട്ട റൊണാൾഡോയേയും, മുപ്പത്തിനാല് വയസ് പിന്നിട്ട ലയണൽ മെസിയേയും പ്രായം ഒരു തരത്തിലും തളർത്തിയിട്ടില്ലെന്നാണ് ഈ താരങ്ങളുടെ സമീപകാല റെക്കോർഡ് വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ക്ലബ്ബ് സീസണിൽ തങ്ങളുടെ ടീമുകൾക്കായി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത ഇരുവരും ഈയടുത്ത് സമാപിച്ച വൻകര ചാമ്പ്യൻഷിപ്പുകളിൽ തങ്ങളുടെ രാജ്യങ്ങൾക്കായും മികച്ച ഫോമിലാണ് കളിച്ചത്. പോർച്ചുഗീസ് നായകനായ റൊണാൾഡോ ഇത്തവണത്തെ യൂറോ കപ്പിൽ ടോപ് സ്കോററായപ്പോൾ, ലയണൽ മെസിയായിരുന്നു അർജന്റീന കിരീടം ചൂടിയ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററും ഒപ്പം മികച്ച താരവും.