Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരുന്നതിനു വേണ്ടി ഗ്രീൻവുഡ്‌ വേണ്ടെന്നു വെച്ചത് യുവന്റസിന്റെ വമ്പൻ ഓഫർ

Sreejith N
Leicester City v Manchester United - Premier League
Leicester City v Manchester United - Premier League / Alex Pantling/GettyImages
facebooktwitterreddit

ഒലെ ഗുണ്ണാർ സോൾഷെയർ പരിശീലകനായതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിൽ നിന്നും സീനിയർ ടീമിലെത്തിച്ച് തേച്ചു മിനുക്കിയെടുത്ത താരമാണ് മേസൺ ഗ്രീൻവുഡ്‌. സീനിയർ ടീമിലേക്ക് എത്തിയപ്പോൾ തന്നെ വളരെയധികം പ്രതിഭ കാണിച്ച താരത്തിനായി ആ സമയത്തു വമ്പൻ ഓഫറുമായി ഇറ്റാലിയൻ ക്ലബായ യുവന്റസ് രംഗത്തു വന്നിരുന്നുവെന്നാണ് ദി അത്ലറ്റികിന്റെ ടോക്ക് ഓഫ് ദി ഡെവിൾസ് പോഡ്‌കാസ്റ്റ് വ്യക്തമാക്കുന്നത്.

പിഎസ്‌ജിക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ച ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഗ്രീൻവുഡ്‌ സീനിയർ ടീമിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ആ സീസണിൽ വളരെ കുറവ് മത്സരങ്ങളിൽ മാത്രമേ കളിച്ചുള്ളൂവെങ്കിലും താരത്തിന്റെ പ്രതിഭ യൂറോപ്പിൽ ചർച്ചാവിഷയമാവുകയും വളരെ മികച്ച ഓഫർ യുവന്റസ് മുന്നോട്ടു വെക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കനത്ത തുകയാണ് ഇറ്റലിയിലേക്ക് ചേക്കേറുന്നതിനായി യുവന്റസ് ഗ്രീൻവുഡിന് ഓഫർ ചെയ്‌തത്‌. എന്നാൽ യുവന്റസിന്റെ ഭീഷണി ഒഴിവാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് നാലു വർഷത്തെ പുതിയ കരാർ നൽകുന്നതിൽ വിജയിക്കുകയായിരുന്നു. ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായി വളർന്ന തനിക്ക് സീനിയർ ടീമിൽ അവസരം ലഭിക്കുന്നത് സ്വപ്നസാക്ഷാത്കാരമാണു എന്നാണു ഗ്രീൻവുഡ്‌ അതേപ്പറ്റി പറഞ്ഞത്.

കോവിഡ് മഹാമാരി മൂലം തടസ്സപ്പെട്ട 2019-20 സീസണിൽ പത്തു പ്രീമിയർ ലീഗ് ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിനെ ടോപ് ഫോറിൽ എത്തിക്കുന്നതിനു സഹായിക്കാൻ ഗ്രീൻവുഡിനു കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ ചില പ്രശ്‌നങ്ങൾ കാരണം തന്റെ കഴിവിനൊത്ത പ്രകടനം നടത്താൻ താരത്തിനു കഴിഞ്ഞിരുന്നില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ അവസരങ്ങൾ കുറഞ്ഞ താരം നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ ശക്തമാണ്. എന്നാൽ റാങ്നിക്കിനു കീഴിൽ കഴിവു തെളിയിച്ചാൽ അവസരങ്ങൾ വർധിപ്പിക്കാൻ കഴിയുമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. അതേസമയം താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ അടക്കമുള്ള ക്ലബുകൾ ശ്രമിക്കുന്നുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit