Football in Malayalam

കരിയറിൽ നേരിട്ട ബുദ്ധിമുട്ടേറിയ താരമേതെന്ന ചോദ്യത്തിന് അപ്രതീക്ഷിത മറുപടിയുമായി ഗ്രീൻവുഡ്‌

Sreejith N
Manchester United v AS Roma - UEFA Europa League Semi Final: Leg One
Manchester United v AS Roma - UEFA Europa League Semi Final: Leg One / Alex Livesey - Danehouse/Getty Images
facebooktwitterreddit

2019 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീനിയർ ടീമിനു വേണ്ടി സ്ഥിര സാന്നിധ്യമായി തുടങ്ങിയ മേസൺ ഗ്രീൻവുഡ്‌ ക്ലബിന്റെ ഭാവി വാഗ്‌ദാനങ്ങളിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി നിരവധി വമ്പൻ ടീമുകൾക്കെതിരെ കളിച്ചിട്ടുള്ള ഗ്രീൻവുഡിനോട് അടുത്തിടെ നേരിടാൻ ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരനെക്കുറിച്ച് ചോദിച്ചപ്പോൾ വളരെ അപ്രതീക്ഷിതമായ മറുപടിയാണ് താരം നൽകിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒഫിഷ്യൽ വെബ്‌സൈറ്റിൽ സംസാരിക്കുമ്പോഴാണ് താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളിയെ ഗ്രീൻവുഡ്‌ വെളിപ്പെടുത്തിയത്. പ്രീമിയർ ലീഗ് ക്ലബായിരുന്ന, ഇപ്പോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഫുൾഹാമിന്റെ പ്രതിരോധതാരമായ ജോ ബ്രയനാണ് താൻ നേരിട്ടതിൽ ഏറ്റവും കടുപ്പമേറിയ എതിരാളിയെന്നും അതിന്റെ കാരണവും ഗ്രീൻവുഡ്‌ പറഞ്ഞു.

"അതൊരു മികച്ച ചോദ്യമാണ്. അതിന്റെ മറുപടി പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്കതു പക്ഷെ സർപ്രൈസിങായി തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് ഫുൾഹാമിലുണ്ടായിരുന്ന ജോ ബ്രയാനെ ഓർമ്മയുണ്ടോ." നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ എതിരാളിയാരെന്ന ചോദ്യത്തിന് ഗ്രീൻവുഡ്‌ മറുപടി പറഞ്ഞു.

"താരം എനിക്കു കുറച്ചു പോലും സ്‌പേസും, പന്തിൽ സമയവും നൽകിയിട്ടില്ല. അവരുമായി കളിച്ച ഹോം ആൻഡ് എവേ മത്സരങ്ങൾ എനിക്ക് ഏറ്റവും കടുപ്പമേറിയതായിരുന്നു. ഞാൻ പറയാൻ പോകുന്ന പേര് അദ്ദേഹത്തിന്റേതാകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകില്ല. എന്നാൽ വളരെ കടുപ്പമേറിയ താരം എനിക്കൊരു സ്‌പേസും നൽകിയിട്ടില്ല. താരം വളരെ മികച്ച ഡിഫെൻഡറും ഞാൻ നേരിട്ടതിൽ കടുപ്പമേറിയതുമാണ്." ഗ്രീൻവുഡ്‌ വ്യക്തമാക്കി.

അതേസമയം ഗ്രീൻവുഡിന്റെ അഭിപ്രായം സ്‌പോർട്ബൈബിൾ പുറത്തുവിട്ടതിനു കീഴിൽ രസകരമായ മറുപടിയാണ് ജോ ബ്രയാൻ കമന്റ് രൂപത്തിൽ നൽകിയത്. സ്വബോധത്തോടു കൂടിയല്ല ഗ്രീൻവുഡ്‌ ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്നു തമാശ രൂപത്തിൽ സൂചിപ്പിച്ച് "നിങ്ങൾ കുടിക്കുന്ന സാധനം ഏതാണെന്നാണ്" ബ്രയാൻ ചോദിച്ചത്.

facebooktwitterreddit