"വെള്ളമിറങ്ങാൻ പോലും പ്രയാസമായിരുന്നു"- റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് തോൽവിയെക്കുറിച്ച് മാർക്വിന്യോസ്

Sreejith N
Marquinhos Reveals His Disappointment About Real Madrid Defeat
Marquinhos Reveals His Disappointment About Real Madrid Defeat / Soccrates Images/GettyImages
facebooktwitterreddit

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെതിരെ തോൽവി വഴങ്ങി പുറത്തായത് ഉൾക്കൊള്ളാൻ പ്രയാസമായിരുന്നുവെന്നും അതിനു ശേഷം വെള്ളം പോലും ഇറങ്ങി പോയിരുന്നില്ലെന്നും പിഎസ്‌ജി പ്രതിരോധതാരം മാർക്വിന്യോസ്. ആദ്യപാദത്തിൽ ഒരു ഗോളിന് വിജയം നേടിയ പിഎസ്‌ജി രണ്ടാം പാദത്തിൽ റയലിന്റെ മൈതാനത്ത് ഒരു ഗോൾ കൂടി നേടി വിജയത്തിന് അരികിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ കരിം ബെൻസിമ നേടിയ ഹാട്രിക്ക് മികവിൽ റയൽ മാഡ്രിഡ് വിജയം നേടുകയായിരുന്നു.

സ്വന്തം മൈതാനത്തും റയൽ മാഡ്രിഡിന്റെ മൈതാനത്ത് ഭൂരിഭാഗം സമയത്തും ആധിപത്യം സ്ഥാപിച്ചതിനു ശേഷമാണ് പിഎസ്‌ജി തോൽവി വഴങ്ങിയത്. അതു കഴിഞ്ഞ് രണ്ടു മാസത്തോളമായിട്ടും മാർക്വിന്യോസ് നിരാശനാണെന്നത് ആ തോൽവിയുണ്ടാക്കിയ ഞെട്ടൽ വ്യക്തമാക്കുന്നുണ്ട്. അതിനു ശേഷം ടീമിനെതിരെ വ്യാപകമായ പ്രതിഷേധമുയർത്തിയ പിഎസ്‌ജി ആരാധകർ ടീമിന്റെ ലീഗ് കിരീടനേട്ടത്തിൽ പോലും വലിയ ആഘോഷങ്ങൾ നടത്തിയിട്ടില്ല.

"അത് ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. ആ മത്സരത്തിനു ശേഷം, ആത്മാർത്ഥമായി പറയുകയാണെങ്കിൽ, ഞങ്ങൾ കളിക്കാർ ഒന്നിനും കൊള്ളാത്തവരായി മാറിയിരുന്നു. അതു ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട മത്സരമായിരുന്നു. അതിന്റെ അടുത്ത ദിവസം, എന്നെ സംബന്ധിച്ചിടത്തോളം വെള്ളം പോലും തൊണ്ടയിൽ നിന്നും ഇറങ്ങാൻ ബുദ്ധിമുട്ടായിരുന്നു." കനാൽ പ്ലസിനോട് മാർക്വിന്യോസ് പറഞ്ഞു.

"ബെൻസിമ മഹത്തായ പ്രകടനമാണ് നടത്തിയത്. ആദ്യപാദത്തിൽ നടന്ന പോരാട്ടത്തിൽ ഞാൻ വിജയിച്ചുവെങ്കിൽ മറുപടിയായി രണ്ടാം പാദത്തിൽ അവർ ജയിച്ചു. ആ മത്സരത്തിൽ ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ടായിരുന്നു. ചിലപ്പോൾ നമുക്ക് ടീമിനെക്കുറിച്ച് വളരെയധികം ചിന്തിക്കേണ്ട ആവശ്യമുണ്ടാകും, മറ്റുള്ളവരെക്കുറിച്ചും നമുക്ക് ചുറ്റുമുള്ള എല്ലാറ്റിനെയും കുറിച്ചും." മാർക്വിന്യോസ് വ്യക്തമാക്കി.

പിഎസ്‌ജി വിടാൻ തനിക്ക് യാതൊരു താൽപര്യവുമില്ലെന്നും മാർക്വിന്യോസ്‌ പറഞ്ഞു. നമ്മൾ പ്രകടനം നടത്തുന്ന കാലത്തോളം ക്ലബിനൊപ്പം തുടരാൻ തന്നെയാണ് ആഗ്രഹിക്കുകയെന്നും എന്നാൽ ചിലപ്പോൾ ക്ലബിന് നമ്മൾ പോകണമെന്ന താൽപര്യം ഉണ്ടാകാമെന്നും താരം പറഞ്ഞു. അതൊന്നും സംഭവിച്ചില്ലെങ്കിൽ കരിയർ മുഴുവൻ പിഎസ്‌ജിയിൽ തുടരാനാണ് ആഗ്രഹമെന്നും ഇവിടം തനിക്ക് വളരെ അനുയോജ്യമാണെന്നും മാർക്വിന്യോസ് വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit