Football in Malayalam

ഏതു താരമാണിപ്പോൾ ലോകത്തിലെ ഏറ്റവും മികച്ചത്, മാർക്വിന്യോസ് പറയുന്നു

Sreejith N
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats
Paris Saint Germain v AS Saint-Etienne - Ligue 1 Uber Eats / Catherine Steenkeste/GettyImages
facebooktwitterreddit

നിരവധി വർഷങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്ന നിലയിൽ അറിയപ്പെട്ടിരുന്ന താരമായിരുന്നു ലയണൽ മെസി. എന്നാൽ ബാഴ്‌സലോണയിൽ നിന്നും സമ്മറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയതിനു ശേഷം തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം കിലിയൻ എംബാപ്പക്കാണു യോജിക്കുകയെന്നാണ് പിഎസ്‌ജി താരം മാർക്വിന്യോസ് പറയുന്നത്.

ആർഎംസി സ്പോർട്ടിന്റെ റോത്തൻ സേൺഫ്ലെയിം പ്രോഗ്രാമിൽ സംസാരിക്കുമ്പോഴാണ് എംബാപ്പയുടെ പ്രതിഭയെക്കുറിച്ച് ബ്രസീൽ പ്രതിരോധതാരം കൂടിയായ മാർക്വിന്യോസ് സംസാരിച്ചത്. നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരം എംബാപ്പെയാണോ എന്ന ചോദ്യത്തിനു യാതൊരു സംശയവും ഇല്ലാതെയാണ് "നിലവിൽ എംബാപ്പെ തന്നെയാണെന്ന് ഞാൻ കരുതുന്നു" എന്ന മറുപടി മാർക്വിന്യോസ്‌ നൽകിയത്.

"താരം മൈതാനത്ത് എന്തൊക്കെയാണ് കാണിക്കുന്നതെന്ന് നമുക്ക് കാണാൻ കഴിയും. താരം വളരെ പ്രധാനപ്പെട്ട കളിക്കാരനാണെന്ന് നമുക്ക് നന്നായി അറിയാം. അതുപോലെയുള്ള താരങ്ങളെ ഞങ്ങൾക്ക് ഒപ്പം വേണം. ഞങ്ങൾ താരത്തെ പരിശീലനത്തിൽ കാണാറുണ്ട്, ആ കാലുകളിലെ കരുത്ത് മറ്റെവിടെയും നമുക്ക് കാണാൻ കഴിയില്ല." മാർക്വിന്യോസ് കൂട്ടിച്ചേർത്തു.

ഇന്നു നടക്കാനിരിക്കുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ നീസിനെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് പിഎസ്‌ജി. ഫ്രഞ്ച് കപ്പ് മത്സരത്തിൽ പിഎസ്‌ജിയെ പുറത്താക്കിയ ടീമാണ് നീസെങ്കിലും ഇപ്പോൾ താരങ്ങളുടെ പ്രകടനത്തിലും ഫോമിലും ഉയർച്ചയുള്ളത് പിഎസ്‌ജിക്ക് പ്രതീക്ഷയാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit