ലയണൽ മെസി ഫോം തിരിച്ചു പിടിക്കുന്നതിനു പിന്നിലുള്ള കാരണങ്ങൾ വെളിപ്പെടുത്തി മാർകിന്യോസ്

Paris Saint-Germain v RB Leipzig: Group A - UEFA Champions League
Paris Saint-Germain v RB Leipzig: Group A - UEFA Champions League / Xavier Laine/GettyImages
facebooktwitterreddit

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം തന്റെ പ്രതിഭയുടെ ഒരംശം പോലും കാണിക്കാൻ കഴിയാതെ വളരെക്കാലം ബുദ്ധിറ്റുന്ന ലയണൽ മെസിയെയാണ് കണ്ടത്. ഇതുപോലെയൊരു സാഹചര്യത്തിൽ മെസിയെ കാണുന്നത് വളരെ അപൂർവമായ കാര്യമായതിനാൽ ബാഴ്‌സലോണ വിട്ടതോടെ മെസിയുടെ ഫോം പൂർണമായും നഷ്‌ടമായോ എന്നു പലരും ചിന്തിക്കുകയും ചെയ്‌തിരുന്നു.

മോശം പ്രകടനം നടത്തിയിരുന്ന സമയത്ത് മെസിക്കെതിരായ വിമർശനങ്ങൾ വളരെ ശക്തമായിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് താരത്തിന്റെ തിരിച്ചു വരവാണ് പുതിയ വർഷത്തിൽ കാണുന്നത്. ഗോളുകൾ ഇപ്പോഴും കണ്ടെത്താൻ കഴിയുന്നത് കുറവാണെങ്കിലും ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ മെസിയുടെ കാലുകൾ ഒരുക്കുന്നു. അർജന്റീനിയൻ താരത്തിന്റെ ഫോമിലുള്ള ഈ മാറ്റത്തിന്റെ കാരണം കഴിഞ്ഞ ദിവസം സഹതാരമായ മാർക്വിന്യോസ് വെളിപ്പെടുത്തുകയുണ്ടായി.

"മെസിയെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. അദ്ദേഹം സാവധാനത്തിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. എനിക്കത് വളരെ നന്നായി മനസിലാക്കാനാകുന്നുണ്ട്. താരം സന്തോഷവാനാണ്, പരിശീലനം നടത്തുമ്പോൾ ഞങ്ങൾക്കത് കാണാൻ കഴിയും."

"മത്സരങ്ങൾ അദ്ദേഹം കൂടുതൽ കൂടുതൽ സുഖകരമായ അവസ്ഥ കണ്ടെത്തുന്നതു ഞങ്ങൾ കാണുന്നു, തനിക്ക് ചുറ്റുമുള്ള ടീമിലെ താരങ്ങളെയും ഞങ്ങളുടെ കേളീശൈലിയും അദ്ദേഹം അറിയുന്നു. അത് മെസി വന്നയിടത്തിലേതിൽ നിന്നും വ്യത്യാസമുള്ളതാണ്." ആർഎംസി സ്പോർട്ടിന്റെ ഷോയിൽ മാർക്വിന്യോസ് പറഞ്ഞു.

ബാഴ്‌സലോണയിൽ ഗോളുകൾ അടിക്കാനും ഗോളവസരങ്ങൾ ഒരുക്കാനും ഒരുപോലെ കഴിഞ്ഞിരുന്ന ലയണൽ മെസി ഇപ്പോൾ ഗോളവസരങ്ങൾ ഒരുക്കുന്നതിലാണ് കൂടുതൽ മികവു കാണിക്കുന്നത്. ഫ്രഞ്ച് ലീഗിൽ പന്ത്രണ്ടു ഗോളുകൾക്കു പിന്നിൽ പ്രവർത്തിച്ച താരം പത്ത് അസിസ്റ്റുകളാണ് നൽകിയത്. ഗോൾ നേടുന്നതിലുള്ള മികവും മെസി തിരിച്ചു പിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.