Kerala Blasters

മാർക്കോ ലെസ്കോവിച്ചുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Sreejith N
Marko Leskovic Sign New Contract With Kerala Blasters
Marko Leskovic Sign New Contract With Kerala Blasters / Indian Super League
facebooktwitterreddit

ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണു മുന്നോടിയായി ക്രൊയേഷ്യൻ ക്ലബായ ജിഎൻകെ ഡൈനാമോ സാഗ്രബിൽ നിന്നും ബ്ലാസ്റ്റേഴ്‌സിൽ എത്തിയ മാർക്കോ ലെസ്‌കോവിച്ചിനു നൽകിയ പുതിയ കരാർ പ്രകാരം 2024 വരെ താരം ക്ലബിനൊപ്പം തുടരും.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ നെടുംതൂണായി അറിയപ്പെട്ടിരുന്ന മാർകോ ലെസ്‌കോവിച്ചിനെ ഡ്രിബിൾ ചെയ്‌തു മുന്നേറാനുള്ള ബുദ്ധിമുട്ടു കാരണം ഐഎസ്എല്ലിലെ വാൻ ഡൈക്കെന്ന വിശേഷണം താരത്തിന് ലഭിച്ചിരുന്നു. യുവപ്രതിരോധതാരമായ ഹോർമിപാം ഈ സീസണിലെ ഏറ്റവും മികച്ച കണ്ടെത്തലായി മാറാൻ കാരണം ലെസ്‌കോവിച്ചിന്റെ സാന്നിധ്യം കൂടിയാണ്.

എൻകെ ഒസിയെക്കിന്റെ യൂത്ത് ടീമിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച ലെസ്‌കോവിച്ച് 2011ലാണ് അവരുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. അവർക്കായി 56 മത്സരങ്ങൾ കളിച്ച് അഞ്ചു ഗോളുകൾ നേടിയ താരം പിന്നീട് 2013ൽ എൻകെ റിയക്കിലും ചേർന്നതിനു ശേഷമാണ് 2016ൽ ഡൈനാമോ സാഗ്രബിൽ എത്തുന്നത്.

ഡൈനാമോ സാഗ്രബിൽ നിന്നും എൻകെ ലോക്കോമോട്ടീവോയിൽ ലോണിൽ കളിക്കുന്ന സമയത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കുന്നത്. അതിനു ശേഷം ഈ സീസണിൽ താരം നടത്തിയ മികച്ച പ്രകടനം കണക്കാക്കിയാണ് ക്ലബ് പുതിയ കരാർ നൽകിയിരിക്കുന്നത്. താരം കരാർ പുതുക്കിയ വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അർജന്റീനക്കെതിരെ ക്രൊയേഷ്യൻ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ടുള്ള ലെസ്‌കോവിച്ചിന് സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്‌ഫീൽഡർ, ലെഫ്റ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കാൻ കഴിയും. മുപ്പത്തിയൊന്നു വയസുള്ള താരം ക്ലബിനൊപ്പം തുടരുന്നത് ഈ സീസണിൽ നഷ്‌ടമായ കിരീടം അടുത്ത തവണ നേടാൻ കഴിയുമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നതാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit