Football in Malayalam

തുടർച്ചയായി 4 ലോകകപ്പുകളിൽ ജയിച്ചാലും മെസി, മറഡോണയേക്കാൾ മികച്ചവനാകില്ലെന്ന് മരിയോ കെമ്പസ്

Gokul Manthara
Messi and Maradona
Messi and Maradona / JUAN MABROMATA/Getty Images
facebooktwitterreddit

ഒരു പ്രധാന അന്താരാഷ്ട്ര കിരീടമില്ലാത്തതായിരുന്നു ഇത്രയും കാലം അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ സംഭവബഹുലമായ കരിയറിനെ അപൂർണമാക്കിയിരുന്നത്. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കയിൽ അർജന്റീനക്കൊപ്പം കിരീടം ചൂടിയതോടെ മെസിയുടെ ആ കുറവും നികന്നിരിക്കുന്നു. അർജന്റീനക്കൊപ്പവും കിരീടം ചൂടാനായതോടെ എക്കാലത്തെയും മികച്ചവനെന്ന പദവിയിൽ മെസി തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു കഴിഞ്ഞെന്നാണ്‌ ഒരു വിഭാഗം ഫുട്ബോൾ ആരാധകർ പറയുന്നത്.

കോപ്പ അമേരിക്ക വിജയത്തിന് പിന്നാലെ മെസിയെ ഫുട്ബോൾ ലോകം വാനോളം ഉയർത്തുമ്പോളും അർജന്റൈൻ ഇതിഹാസ താരം മരിയോ കെമ്പസിനെ സംബന്ധിച്ചിടത്തോളം മെസി, ഇപ്പോളും ഇതിഹാസ താരം ഡിയഗോ ‌മറഡോണക്ക് താഴെയാണ്. തുടർച്ചയായി നാല് ലോകകപ്പുകൾ നേടിയാൽപ്പോലും മെസിക്ക്, മറഡോണയേക്കാൾ മികച്ചവനാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കെമ്പസ്, മറഡോണക്ക് ലോകമെമ്പാട് നിന്നും ലഭിച്ച അതിയായ ആദരവ് മറികടക്കുക വളരെയധികം പ്രയാസമാണെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

"മെസിയുടെ ദൗർഭാഗ്യം എന്തായിരുന്നുവെന്നു വെച്ചാൽ, ഡിയഗോ മറഡോണയുടെ പകരക്കാരനായിരുന്നു അദ്ദേഹം. ലോകമെമ്പാടു നിന്നും ഡിയഗോക്ക് ലഭിച്ച താരാരാധന മറികടക്കുക വളരെയധികം പ്രയാസമാണ്."

"തുടർച്ചയായി 4 ലോകകപ്പുകൾ നേടിയാലും മറഡോണയേക്കാൾ മികച്ചവനാകാൻ മെസിക്ക് കഴിയില്ല. അദ്ദേഹം ഇപ്പോളും ലോകകപ്പ് നേടിയിട്ടില്ല. മെസി എത്ര കിരീടങ്ങൾ നേടിയിട്ടും എന്തൊക്കെ ജയിച്ചിട്ടും കാര്യമില്ല. ഒരിക്കലും ഡിയഗോ ചെയ്ത കാര്യങ്ങളുമായി അതിനെ താരതമ്യപ്പെടുത്താനാവില്ല," കെമ്പസ് കൂട്ടിച്ചേർത്തു.

അതേ സമയം മാന്ത്രിക പ്രകടനം പുറത്തെടുത്തായിരുന്നു മെസി ഈ വർഷത്തെ കോപ്പ അമേരിക്കയിൽ അർജന്റീനയെ കിരീട വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിന്റെ ആദ്യാവസാനം മികച്ച ഫോമിൽ കളിച്ച മെസി നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ടീമിനായി നേടിയത്. കോപ്പയിൽ ഇത്തവണത്തെ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട് എന്നിവ നേടിയതും മറ്റാരുമായിരുന്നില്ല.

facebooktwitterreddit