Football in Malayalam

ചാമ്പ്യൻസ് ലീഗ് നേടാൻ മെസി ബാഴ്‌സ വിടണം, പരിഗണിക്കേണ്ടത് മൂന്നു ക്ലബുകളെയെന്ന് അർജന്റീനിയൻ ഇതിഹാസം മരിയോ കെമ്പസ്

Sreejith N
FC Barcelona v RC Celta - La Liga Santander
FC Barcelona v RC Celta - La Liga Santander / Quality Sport Images/Getty Images
facebooktwitterreddit

ഈ സീസണു ശേഷം മെസി ബാഴ്‌സലോണ വിടണമെന്ന നിർദ്ദേശം നൽകി അർജന്റീനയുടെ ഇതിഹാസതാരമായ മരിയോ കെമ്പസ്. മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടമെന്ന ലക്ഷ്യം മെസിക്ക് ബാഴ്‌സലോണക്കൊപ്പം സമീപകാലത്ത് പൂർത്തീകരിക്കാൻ കഴിയില്ലെന്നും അതിനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ബയേൺ മ്യൂണിക്ക് എന്നീ ക്ലബുകളിലേക്ക് ചേക്കേറുന്ന കാര്യം അർജന്റീനിയൻ നായകൻ പരിഗണിക്കണമെന്നുമാണ് ലോകകപ്പ് ജേതാവു കൂടിയായ കെമ്പസ് നിർദ്ദേശിക്കുന്നത്.

"ഗ്വാർഡിയോളക്കൊപ്പം മെസി വീണ്ടും ഒരുമിക്കണം. അതല്ലെങ്കിൽ പിഎസ്‌ജിയിലേക്കോ ബയേൺ മ്യൂണിക്കിലേക്കോ ചേക്കേറണം. സാമ്പത്തിക സ്ഥിതിയോ അല്ലെങ്കിൽ വിജയം നേടാൻ കഴിയുന്ന താരങ്ങളോ ഉള്ളത് ഈ ക്ലബുകളിലാണ്. എന്നാൽ ബയേൺ ഡയറക്ടർമാർ തലയുപയോഗിച്ച് ചിന്തിക്കുമെന്നതു കൊണ്ട് അവർ ഒരിക്കലും ഇത്രയധികം പ്രതിഫലം നൽകാൻ തയ്യാറാവില്ല," സ്‌പോർട് ബിൽഡിനോട് സംസാരിക്കുമ്പോൾ കെമ്പസ് പറഞ്ഞു.

"മെസിക്കു പ്രായമായി വരികയാണ്. അദ്ദേഹം ബാഴ്‌സയിൽ തൃപ്‌തനാണെങ്കിലും ക്ലബിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതകൾ വളരെ ദുർബലമാണെന്നു മനസിലാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായതിനു പുറമെ വിജയം നേടാൻ കഴിയുന്ന ഒരു ടീമിനെ സൃഷ്ടിക്കുന്നതിലും അവർ പരാജയപ്പെടുകയാണ്," കെമ്പസ് പറഞ്ഞു.

ഈ സീസണു ശേഷം ബാഴ്‌സലോണയുമായി കരാർ അവസാനിക്കാനിരിക്കുന്ന ലയണൽ മെസിയുടെ കോൺട്രാക്‌ട് പുതുക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. സീസൺ പരിസമാപ്‌തിയിലെത്തി നിൽക്കെ അർജന്റീനിയൻ താരം ക്ലബിൽ തുടരുമോയെന്ന കാര്യത്തിൽ ആരാധകരുടെ ആശങ്ക അവസാനിച്ചിട്ടില്ല. അതേസമയം മെസിയെ നിലനിർത്താനുള്ള പദ്ധതികൾ ബാഴ്‌സലോണ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അതിൽ തൃപ്തനല്ലെങ്കിൽ താരം ക്ലബ് വിടുമെന്നുറപ്പാണ്.


facebooktwitterreddit