ബോക്സിനുള്ളിൽ നൃത്തം ചവുട്ടിയൊരു റബോണ ഗോൾ, വിസ്മയിപ്പിച്ച് മരിയോ ബലോടെല്ലി


വീണ്ടും ഫുട്ബോൾ ആരാധകരെ വിസ്മയിപ്പിച്ച് ഇറ്റാലിയൻ സ്ട്രൈക്കറായ മരിയോ ബലോടെല്ലി. നിലവിൽ തുർക്കിഷ് സൂപ്പർ ലീഗിൽ ആദാന ഡെമിർസ്പോറിനു വേണ്ടി കളിക്കുന്ന താരം ഗോസ്റ്റപ്പെക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അഞ്ചു ഗോളുകളാണ് നേടിയത്. ബലോറ്റെല്ലിയുടെ ഗോളുകളുടെ പിൻബലത്തിൽ ടീം എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയം നേടുകയും ചെയ്തു.
ഡെമിർസ്പോറിന്റെ വിജയത്തിൽ ബലോടെല്ലി അഞ്ചു ഗോളുകൾ നേടിയെങ്കിലും അതിൽ വാർത്തകളിൽ ഇടം പിടിക്കുന്നത് താരം നേടിയ അഞ്ചാമത്തേയും ടീമിന്റെ ഏഴാമത്തെയും ഗോളാണ്. മുപ്പത്തിയൊന്നുകാരനായ താരം തന്റെ പ്രതിഭയ്ക്ക് ഇപ്പോഴും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു തെളിയിച്ച് അത്രയും മനോഹരമായാണ് ആ ഗോൾ നേടിയത്.
? 8 stepovers.
— GiveMeSport (@GiveMeSport) May 22, 2022
? Rabona finish.
? Mario Balotelli scoring the most Mario Balotelli goal ever.
?: @beINSPORTS_TR pic.twitter.com/4BfcQATmOe
മത്സരത്തിന്റെ എഴുപതാം മിനുട്ടിൽ ബോക്സിനു പുറത്തു നിന്നും പന്തുമായി കുതിച്ച ബലോടെല്ലി അതിനു ശേഷം എട്ടോളം സ്റ്റെപ്പ് ഓവറുകളുമായി തന്നെ തടുക്കാൻ വന്ന ഡിഫെൻഡറെ കബളിപ്പിക്കുകയും അതിനു ശേഷം ഷോട്ടിനായി പന്ത് ഇടതു വശത്തേക്ക് നീക്കുകയും ചെയ്തു. അതിനു ശേഷം ഇടം കാൽ കൊണ്ട് ഷോട്ട് എടുക്കുന്നതിനു പകരം മികച്ചൊരു റബോണ കിക്കിലൂടെയാണ് താരം പന്തു വലയിലെത്തിച്ചത്.
ബലോടെല്ലിയുടെ ഗോൾ ഫുട്ബോൾ ആരാധകർക്കിടയിൽ വളരെ പെട്ടന്നാണ് വൈറലായത്. തുർക്കിഷ് ലീഗിൽ ആദ്യത്തെ സീസൺ കളിക്കുന്ന ബലോടെല്ലി മുപ്പത്തിയൊന്നു മത്സരങ്ങളിൽ നിന്നും 18 ഗോളും നാല് അസിസ്റ്റുമാണ് സ്വന്തമാക്കിയത്. താരത്തിന്റെ ടീമായ ഡെമിർസ്പോർ ലീഗ് പൂർത്തിയായപ്പോൾ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്.
ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി, എസി മിലാൻ, ലിവർപൂൾ തുടങ്ങിയ ക്ലബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള ബലോടെല്ലി അടുത്തിടെ ഇറ്റാലിയൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവിന്റെ അടുത്തെത്തിയെങ്കിലും അവസാന സ്ക്വാഡിൽ നിന്നും പുറത്താവുകയാണുണ്ടായത്. താരത്തിന്റെ ഇന്നലത്തെ പ്രകടനം കൊണ്ട് മികച്ച സ്ട്രൈക്കർമാരുടെ അഭാവം നേരിടുന്ന ഇറ്റലി ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.