മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അസ്വാരസ്യം പുകയുന്നു എന്ന വാര്‍ത്തയില്‍ വൈകാരിക കുറിപ്പുമായി റാഷ്‌ഫോര്‍ഡ്

പുതിയ പരിശീലകന്‍ റാഫ് റാങ്‌നിക്കിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ തൃപ്തരല്ലെന്ന വാര്‍ത്ത നിഷേധിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വൈകാരിക കുറിപ്പിലൂടെയാണ് റാഷ്‌ഫോര്‍ഡ് വാര്‍ത്തയോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തത്.
"ഞങ്ങള്‍ എല്ലാവരും സമീപകാല പ്രകടനങ്ങളില്‍ നിരാശരാണ്. ഞങ്ങളുടെ മാനേജറുടും കോച്ചിങ് സ്റ്റാഫിനോടും ക്ലബിനോടുമുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള വാര്‍ത്തകളിൽ ഞങ്ങള്‍ തീര്‍ത്തും നിരാശരാണ്," റാഷ്‌ഫോര്‍ഡ് ട്വിറ്ററില്‍ കുറിച്ചു.
"രണ്ടിനോടും എനിക്ക് അനന്തമായ ബഹുമാനമുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ സ്റ്റാഫിന് കീഴില്‍ എന്റെ കളി മെച്ചപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അസന്തുഷ്ടനല്ല. എന്റെ ചില പ്രകടനങ്ങളില്‍ ഞാന്‍ നിരാശനാണ്. ഞാനാണ് എന്റെ ഏറ്റവും വലിയ വിമര്‍ശകന്‍, സീസണില്‍ എനിക്ക് ഏറ്റവും മോശം തുടക്കമായിരുന്നു. എന്നാല്‍ ഞാന്‍ മികച്ചതാകാന്‍ ശ്രമിക്കുന്നുണ്ട്. എന്റെ അര്‍പ്പണബോധത്തെയും ഇവിടെ നില്‍ക്കാനുള്ള എന്റെ ആഗ്രഹത്തേയും ഒരിക്കലും ചോദ്യം ചെയ്യരുത്. ഞാന്‍ ഈ ക്ലബിനെ സ്‌നേഹിക്കുന്നു'' റാഷ്‌ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
പുതിയ പരിശീലകന്‍ റാങ്‌നിക്കിന് കീഴില്‍ 17 യുണൈറ്റഡ് താരങ്ങള്‍ അസന്തുഷ്ടരാണെന്ന രീതിയില്‍ ദ ഡെയിലി മെയിലായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരേയുള്ള തോല്‍വിക്ക് ശേഷമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.