ഇറ്റലി വിളിച്ചിട്ടും അർജന്റീന ദേശീയടീമിലേക്ക് ചേക്കേറാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തി മാർക്കോസ് സെനേസി

Marcos Senesi Reveals Why He Select Argentina Instead Of Italy
Marcos Senesi Reveals Why He Select Argentina Instead Of Italy / BSR Agency/GettyImages
facebooktwitterreddit

അടുത്തിടെ ഫുട്ബോൾ ലോകത്ത് നിറഞ്ഞു നിന്നൊരു പേരാണ് ഫെയനൂർദ് താരം മാർക്കോസ് സെനേസിയുടേത്. ഫെയനൂർദ് കോൺഫറൻസ് ലീഗിന്റെ ഫൈനലിൽ എത്തിയതിനു പുറമെ അർജന്റീന, ഇറ്റലി ദേശീയ ടീമുകളിലേക്ക് ഒരുമിച്ചു വിളി വന്നതിന്റെ പേരിലുമാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഒടുവിൽ ഇറ്റലിയുമായി തന്നെ നടക്കുന്ന ഫൈനലൈസിമ പോരാട്ടത്തിനുള്ള അർജന്റീന ടീമിലേക്ക് ചേക്കേറാൻ തീരുമാനമെടുത്ത താരം കഴിഞ്ഞ ദിവസം അതിന്റെ കാരണം വെളിപ്പെടുത്തുകയുണ്ടായി.

"ഇറ്റലിയിൽ നിന്നും വിളി വന്നത് യാഥാർഥ്യം തന്നെയായിരുന്നു. മാൻസിനിയും ഞാനും തമ്മിൽ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. അദ്ദേഹം ടീമിന്റെ പ്രോജെക്റ്റിനെ കുറിച്ച് സംസാരിച്ചു, അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫുകളും ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. ആ ചാറ്റിൽ ഞാനെന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. തീരുമാനം വളരെ വ്യക്തമായിരുന്നു." ഒലെയോട് സെനേസി പറഞ്ഞു.

"മികച്ച രീതിയിൽ കളിക്കുന്ന രണ്ടു ദേശീയ ടീമുകൾക്ക് എന്നെ വേണമെന്നത് ഒരു അഭിമാനം തന്നെയാണ്. ഇറ്റലി ലോകകപ്പിലേക്ക് പോകില്ലെന്നത് ഫുട്ബോൾ ലോകത്തുള്ള എല്ലാവർക്കും വേദനയാണ്, കാരണം അവരാണ് നിലവിലെ യൂറോ ജേതാക്കൾ. അർജന്റീനയും മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യുന്നു, അവസാനം കോപ്പ അമേരിക്ക നേടിയതവരാണ്."

"എനിക്ക് വിളികൾ വന്നപ്പോൾ ഞാൻ ഫാമിലിക്കൊപ്പം ഇരുന്ന് അവർ പറയുന്നത് ശ്രദ്ധിച്ചു. എന്നാൽ യാഥാർഥ്യം എന്താണെന്ന് വെച്ചാൽ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ അർജന്റീന ദേശീയ ടീമിനു വേണ്ടി കളിക്കുകയെന്നത് എന്റെ സ്വപ്‌നം ആയിരുന്നു. അതിനാൽ എനിക്ക് സംശയങ്ങൾ ഉണ്ടായിരുന്നില്ല. എന്റെ രാജ്യത്തിനു വേണ്ടി കളിക്കുക എന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്." സെനേസി വ്യക്തമാക്കി.

2018 ലോകകപ്പിനു ശേഷം അർജന്റീന ടീം ഒരു പുനർനിർമാണ പ്രക്രിയക്ക് വിധേയമായിയെന്നും യുവതാരങ്ങളും സീനിയർ താരങ്ങളും ചേർന്ന ടീം വളരെ മികച്ച പ്രകടനം നടത്തുന്നുണ്ടെന്നും പരിശീലകൻ അവരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നും സെനേസി പറഞ്ഞു. ലോകകപ്പ് ടീമിൽ ഇടം നേടാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം അറിയിച്ചു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.