Lionel Messi

റൊണാൾഡോ മെസിയെക്കാൾ മികച്ചതെന്നു പറയുന്നവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡച്ച് ഇതിഹാസം വാൻ ബാസ്റ്റിൻ

Sreejith N
Marco Van Basten Says Messi Is Better Than Ronaldo
Marco Van Basten Says Messi Is Better Than Ronaldo / Nicolò Campo/GettyImages
facebooktwitterreddit

ക്രിസ്റ്റ്യാനോ റൊണാൾഡോ ലയണൽ മെസിയെക്കാൾ മികച്ച കളിക്കാരനാണെന്നു കരുതുന്ന ആളുകൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഡച്ച് ഇതിഹാസതാരം മാർകോ വാൻ ബാസ്റ്റിൻ. അനുകരിക്കാനും ആവർത്തിക്കാനും കഴിയാത്ത താരമാണ് മെസിയെന്നു പറഞ്ഞ വാൻ ബാസ്റ്റിൻ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളായി കരുതുന്നവരെയും വെളിപ്പെടുത്തി.

"ക്രിസ്റ്റ്യാനോ റൊണാൾഡോ മഹത്തായ താരമാണ്, പക്ഷെ താരം മെസിയെക്കാൾ മികച്ചതാണെന്നു കരുതുന്നവർക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നും തന്നെയറിയില്ല, അതല്ലെങ്കിൽ അവരൊരു തെറ്റായ വിശ്വാസത്തിലാണ് ജീവിക്കുന്നത്." ഇറ്റാലിയൻ മാധ്യമമായ കൊറേറ ഡെല്ല സ്പോർട്ടിനോട് സംസാരിക്കുമ്പോൾ വാൻ ബാസ്റ്റിൻ പറഞ്ഞു.

"ലയണൽ മെസി അതുല്യനായ താരമാണ്. അനുകരിക്കാനും ആവർത്തിക്കാനും അസാധ്യമായ താരം. അദ്ദേഹത്തെ പോലൊരു താരം അമ്പതോ നൂറോ വർഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുക. ചെറുപ്പത്തിൽ തന്നെ ഫുട്ബോൾ ജീനിയസെന്ന ഗണത്തിൽ താരം ഉൾപ്പെട്ടിരിക്കുന്നു." വാൻ ബാസ്റ്റിൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളെയും അദ്ദേഹം തിരഞ്ഞെടുത്തു.

"പെലെ. ഡീഗോ മറഡോണ, യോഹാൻ ക്രൈഫ് എന്നീ മൂന്നു പേരാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങൾ. ചെറുപ്പത്തിൽ എനിക്ക് ക്രൈഫിനെപ്പോലെയാകണം എന്നായിരുന്നു ആഗ്രഹം. താരം എന്റെ സുഹൃത്താണ്. ഞാനവനെ മിസ് ചെയ്യുന്നു. പെലെയും മറഡോണയും അവിശ്വസനീയ താരങ്ങളാണ്." വാൻ ബാസ്റ്റിൻ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit