Real Madrid News

ചരിത്രനേട്ടം കുറിച്ച മാഴ്‌സലോക്ക് റയൽ മാഡ്രിഡിൽ തന്നെ തുടരണം

Sreejith N
Marcelo Wants To Stay At Real Madrid
Marcelo Wants To Stay At Real Madrid / Quality Sport Images/GettyImages
facebooktwitterreddit

എസ്‌പാന്യോളിനെ കീഴടക്കി റയൽ മാഡ്രിഡ് മുപ്പത്തിയഞ്ചാം ലാ ലിഗ കിരീടം സ്വന്തമാക്കിയതോടെ ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ മാഴ്‌സലോ ഒരു ചരിത്രനേട്ടത്തിന് ഉടമയായി മാറിയിരുന്നു. റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവുമധികം കിരീടങ്ങളെന്ന നേട്ടമാണ് മുപ്പത്തിമൂന്നു വയസുള്ള താരം സ്വന്തമാക്കിയത്. ഇരുപത്തിനാല് കിരീടങ്ങളാണ് തന്റെ റയൽ മാഡ്രിഡ് കരിയറിൽ മാഴ്‌സലോ നേടിയിരിക്കുന്നത്.

റെക്കോർഡ് നേട്ടം സ്വന്തമാക്കിയ മാഴ്‌സലോ പക്ഷെ ഈ സീസണിനപ്പുറം റയൽ മാഡ്രിഡിൽ തുടരുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ നൽകുന്ന കാര്യത്തിൽ റയൽ മാഡ്രിഡ് യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെങ്കിലും ക്ലബിനൊപ്പം തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നാണ് മാഴ്‌സലോ വ്യക്തമാക്കുന്നത്.

"എന്താണ് ഭാവിയിൽ സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. ലോകത്തിലെ ഏറ്റവും മികച്ച ടീമിൽ കളിക്കാൻ കഴിയുന്നതിൽ ഞാൻ സന്തോഷത്തിലാണ്. മാഡ്രിഡിന്റെ ഇതിഹാസമായ പാക്കോ ജെന്റോയെ ഞാൻ മറികടന്നു. ലോകത്തിലെ ഏറ്റവും മികച്ച ക്ലബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന നേട്ടം വിലമതിക്കാനാവാത്തതാണ്. ഞാനിവിടെ തുടർന്നാലും ഇല്ലെങ്കിലും എനിക്കിവിടെ തുടരണം, അതു ഞാൻ വ്യക്തമാക്കുന്നു." മാഴ്‌സലോ എൽ ചിരിങ്കുയിറ്റോയോട് പറഞ്ഞു.

2007 മുതൽ റയൽ മാഡ്രിഡ് ടീമിനൊപ്പമുള്ള മാഴ്‌സലോക്ക് റയൽ മാഡ്രിഡിനൊപ്പം തുടരാനുള്ള താൽപര്യമുണ്ടെങ്കിലും ക്ലബ് കരാർ പുതുക്കാനുള്ള സാധ്യത കുറവാണ്. അടുത്ത സമ്മറിൽ ചെൽസി താരം റുഡിഗർ റയൽ മാഡ്രിഡിൽ എത്തുന്നതോടെ ഡേവിഡ് അലബ ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്ക് തിരികെയെത്തും. അതോടെ അലബ, മെൻഡി എന്നിവരായിരിക്കും ടീമിന്റെ പ്രധാന ലെഫ്റ്റ് ബാക്കുകൾ എന്നതിനാൽ മാഴ്‌സലോയുടെ കരാർ പുതുക്കാതിരിക്കാൻ തന്നെയാണ് സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit