Transfers

മാഴ്‌സലോക്കു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും ഓഫറുകൾ

Sreejith N
Marcelo Receiving Offers From All Over The World
Marcelo Receiving Offers From All Over The World / Jonathan Moscrop/GettyImages
facebooktwitterreddit

റയൽ മാഡ്രിഡിനൊപ്പമുള്ള ഐതിഹാസികമായ കരിയർ അവസാനിപ്പിച്ച് ക്ലബ് വിട്ട ബ്രസീലിയൻ ലെഫ്റ്റ് ബാക്കായ മാഴ്‌സലോ താൻ ഭാവിയിൽ എവിടെയാവും കളിക്കുക എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമൊന്നും എടുത്തിട്ടില്ല. അതേസമയം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്ലബുകൾ ബ്രസീലിയൻ താരത്തിനു വേണ്ടി രംഗത്തു വന്നിട്ടുണ്ട്.

എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ ഫ്ലുമിനൻസ് താരത്തിനു മുന്നിൽ നിലവിൽ ഏഴ് ഓഫറുകളുണ്ട്. ഫ്രാൻസ്, സ്പെയിൻ. ഇറ്റലി, തുർക്കി, ഖത്തർ, സൗദി അറേബ്യ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബുകളിൽ നിന്നാണ് മാഴ്‌സലോക്കു വേണ്ടി ഓഫറുകൾ വന്നിരിക്കുന്നത്.

ബ്രസീലിന്റെ എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒന്നായ റൊണാൾഡോ ഉടമയായ റയൽ വയ്യഡോളിഡാണ് മാഴ്‌സലോക്കു വേണ്ടി പ്രധാനമായും രംഗത്തുള്ളത്. സ്‌പാനിഷ്‌ ക്ലബായ റയൽ വയ്യഡോളിഡ് മാഴ്‌സലോക്കു പുറമെ ബാഴ്‌സലോണ വിട്ട് ഫ്രീ ഏജന്റായ ബ്രസീലിയൻ താരം ഡാനി ആൽവസിനെയും നോട്ടമിടുന്നുണ്ട്.

ഇതിനു പുറമെ ഫ്രഞ്ച് ലീഗ് ക്ലബായ മാഴ്‌സ, ഇറ്റാലിയൻ ക്ലബായ എസി മിലാൻ, തുർക്കിഷ് ക്ലബായ ഫെനർബാഷെ എന്നിവർ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് ലക്ഷ്യമിട്ട് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് ബ്രസീൽ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ക്ലബുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

യൂറോപ്പിൽ തന്നെ തുടരാനാണ് മാഴ്‌സലോക്കു താൽപര്യമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിൽ ഇടം നേടാൻ ഏറ്റവും ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ കളിക്കണമെന്നതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ടീമുകളെയാവും മാഴ്‌സലോ തിരഞ്ഞെടുക്കാൻ സാധ്യത.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit