Football in Malayalam

നോർവിച്ചിനെതിരായ വിജയഗോളിനു ശേഷമുള്ള റൊണാൾഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്രതികരണവുമായി മാഴ്‌സലോ

Sreejith N
Norwich City v Manchester United - Premier League
Norwich City v Manchester United - Premier League / Alex Pantling/GettyImages
facebooktwitterreddit

ക്രിസ്റ്റൽ പാലസിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ കാഴ്‌ച വെച്ചത്രയും മികവു പുലർത്താൻ ടീമിനു കഴിഞ്ഞില്ല എങ്കിലും താൻ പരിശീലകസ്ഥാനം ഏറ്റെടുത്ത രണ്ടാമത്തെ ലീഗ് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിക്കാൻ റാങ്നിക്കിനു കഴിഞ്ഞിട്ടുണ്ട്. നോർവിച്ചിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പെനാൽറ്റിയിലൂടെ ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒരിക്കൽ കൂടി ടീമിന്റെ രക്ഷകനായി എത്തിയത്.

മത്സരത്തിനു ശേഷം ഗോളിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിന്റെയും ആഹ്ലാദം തന്റെ ആരാധകരുമായി റൊണാൾഡോ ഇൻസ്റാഗ്രാമിലൂടെ പങ്കു വെക്കുകയുണ്ടായി. "ശരിയായ ദിശയിലേക്ക് ഒരു ചുവടുവെപ്പു കൂടി, എന്താണ് വേണ്ടതെന്നും അതിനായി ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്കറിയാം. അതു ഞങ്ങൾ തന്നെ ചെയ്യേണ്ടതാണ്. നന്നായി ചെയ്‌തു സുഹൃത്തുക്കളെ, നമുക്ക് മുന്നോട്ട് പോകാം, റെഡ് ഡെവിൾസ്," റൊണാൾഡോയുടെ പോസ്റ്റ് ഇങ്ങിനെയായിരുന്നു.

റൊണാൾഡോ തന്റെ ആഹ്ലാദം അറിയിക്കാനും ടീമിനു കൂടുതൽ ആത്മവിശ്വാസം പകരാനും ആരാധകർക്ക് ആവേശം പകരാനും ഇട്ട പോസ്റ്റ് കണ്ട് റയൽ മാഡ്രിഡ് താരമായ മാഴ്‌സലോ അതിനു തന്റെ പ്രതികരണവും അറിയിച്ചിരുന്നു. "ഞാനെപ്പോൾ നിങ്ങളുടെ പോസ്റ്റ് കാണുന്നുവോ അപ്പോഴെല്ലാം നിങ്ങളൊരു ഗോൾ നേടിയിട്ടുണ്ടാവും," എന്നാണു മാഴ്‌സലോ തന്റെ അടുത്ത സുഹൃത്തു കൂടിയായ റൊണാൾഡോക്ക് അഭിനന്ദനത്തിന്റെ ഭാഷയിൽ മറുപടി നൽകിയത്.

ഇന്നലത്തെ മത്സരത്തിലും ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഈ സീസണിൽ പതിമൂന്നു ലീഗ് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ അതിനേക്കാൾ മികച്ച പ്രകടനം നടത്തുന്ന താരം അഞ്ചു മത്സരങ്ങളിൽ നിന്നും ആറു തവണയും വല കുലുക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit