മെസിയോട് അർജന്റീന ആരാധകർ ചെയ്ത തെറ്റ് പിഎസ്ജി ആരാധകർ ആവർത്തിക്കരുതെന്ന് റിവർപ്ലേറ്റ് പരിശീലകൻ ഗല്ലാർഡോ


ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി പിഎസ്ജി പുറത്തായതിനു ശേഷമുള്ള മത്സരത്തിൽ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ ലയണൽ മെസിയെ കൂക്കിവിളിച്ച സംഭവത്തിൽ പ്രതികരിച്ച് റിവർപ്ലേറ്റ് പരിശീലകൻ മാഴ്സലോ ഗല്ലാർഡോ. പണ്ട് അർജന്റീന ആരാധകർ താരത്തോട് ചെയ്ത തെറ്റ് പിഎസ്ജി ആരാധകർ ആവർത്തിക്കരുത് എന്നാണു ഗല്ലാർഡോയുടെ വാക്കുകളിൽ തെളിഞ്ഞു കണ്ടത്.
ക്ലബ് ഫുട്ബോളിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ ലയണൽ മെസിക്കു പക്ഷെ വളരെക്കാലം അർജന്റീന ദേശീയ ടീമിന് ഒരു കിരീടവും സ്വന്തമാക്കി നൽകാൻ കഴിയാത്തതിനെ തുടർന്ന് താരത്തിനെതിരെ അർജന്റീന ആരാധകർ തിരിഞ്ഞൊരു സമയമുണ്ടായിരുന്നു. എന്നാൽ അതിനെല്ലാമുള്ള മറുപടി കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റ് വിജയത്തിലൂടെ മെസി നൽകുകയുണ്ടായി.
Gallardo telling us that Argentineans whistled Messi before, that nothing should surprise us.
— Guillem Balague (@GuillemBalague) March 14, 2022
What I don't think I've heard before is, as it happened at the Parque des princes, a set of fans whistling after their team scored a goal https://t.co/B8Bqu5ieXr
"ഞങ്ങളും താരത്തോട് തെറ്റായി പെരുമാറിയിട്ടുണ്ട്. ഇപ്പോൾ രാജ്യസ്നേഹം വെച്ചു കളിക്കരുത്. ഓർക്കുക, ഓർമ്മകൾ ഉണ്ടാവുക. വിസിലുകളെ ഞാൻ അംഗീകരിക്കുന്നില്ല. എന്നാൽ ഫുട്ബോളിൽ ഒന്നും എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല." മുൻ പിഎസ്ജി മധ്യനിരതാരം കൂടിയായിരുന്ന ഗല്ലാർഡോ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.
ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു കാരണമായി താരത്തിനെതിരെ ഉയർന്ന വിമർശനങ്ങളെക്കുറിച്ചും ഗല്ലാർഡോ ചൂണ്ടിക്കാട്ടി. എന്നാൽ അതിനു ശേഷം പൂർവാധികം ശക്തിയോടെ താരം തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ആരാധകരുടെ ധാർമികരോഷമാണ് ഇത്തരം പ്രതികരണങ്ങളുടെ കാരണമെന്നും അദ്ദേഹം പറഞ്ഞു.
കോപ്പ അമേരിക്ക വിജയം നൽകിയതിലൂടെ അർജന്റീന ആരാധകരുടെ വിമർശനം അവസാനിക്കുകയും മെസിയെ വിമർശനങ്ങളിൽ നിന്നും അവർ സംരക്ഷിക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്. അതേസമയം ഈ സീസണിൽ പിഎസ്ജിയിൽ തന്റെ പ്രതിഭ പൂർണമായും പുറത്തെടുക്കാൻ കഴിയാത്ത മെസി നിലവിലുള്ള വിമർശനങ്ങളെ മറികടന്ന് തിരിച്ചു വരുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.